കെഎസ്ആർടിസിയിൽ നൂറ് കോടി കാണാതായെന്ന എം ഡിയുടെ വെളിപ്പെടുത്തൽ; കേസ് എടുക്കുന്നതിനെ എതിർത്ത് സർക്കാർ

കൊച്ചി: കെ എസ് ആർ ടി സിയിലെ നൂറ് കോടി കാണാതായെന്ന എം ഡിയുടെ വെളിപ്പെടുത്തലിൽ കേസ് എടുക്കുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാർ. കേസ് എടുക്കാൻ കോടതി നിർദ്ദേശിക്കണമെന്ന ഹർജിയെ ആണ് സർക്കാർ എതിർത്തത്. കേസ് എടുക്കണമെന്ന് പറയാൻ ഹൈക്കോടതിക്ക് ആവില്ല. സുപ്രീം കോടതി ഉത്തരവുകൾ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു.

ഹർജിക്കാരന് പൊലീസിൽ പരാതി നൽകുകയോ, സ്വകാര്യ അന്യായം ഫയൽ ചെയ്യുകയോ ചെയ്യാം. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു. ഹർജി അടുത്ത ആഴ്‌ച വീണ്ടും പരിഗണിക്കും.
കെഎസ്ആർടിസിയിൽ 100 കോടി രൂപ കാണാനില്ലെന്ന എം ഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു.

വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനായ ജൂഡ് ജോസഫ് ആണ് ഹർജിക്കാരൻ. ഹർജിയിൽ സർക്കാർ നിലപാട് അറിയിക്കും. ഓഡിറ്റിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കെ എസ് ആർ ടി സിയിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെട്ട എല്ലാ അഴിമതിയും അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.