തലശ്ശേരി: കെപിസിസി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പി, മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശം വിവാദത്തിൽ. ചെത്തുകാരൻ്റെ വീട്ടില്‍നിന്ന് വന്ന പിണറായിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടർ വാങ്ങിയത് അഭിമാനിക്കാന്‍ വകയുള്ളതല്ലെന്ന കെ. സുധാകരൻ്റെ പരാമർശമാണ് വിവാദത്തിനിടയാക്കിയത്. ഐശ്വര്യ കേരള യാത്രക്ക് തലശ്ശേരിയില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് സുധാകരന് മുഖ്യമന്ത്രിക്കെതിെര രൂക്ഷവിമർശനം നടത്തിയത്.
തൊഴിലാളി വര്‍ഗ പാര്‍ട്ടി ഇവിടത്തെ യുവാക്കളെ കഞ്ചാവിന് അടിമകളാക്കുകയാണ്. കോടിയേരിയുടെ മകന് അഗ്രഹാര ജയിലില്‍ കിടക്കുന്നത് വിപ്ലവം വിജയിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല. അഴിമതിയില്ലാത്ത ഒരു രംഗവും ഇപ്പോള്‍ ഇവിടെയില്ല. ഇതുപോലെ കള്ളക്കടത്തിനും കൊള്ളക്കും കൂട്ടുനിന്ന വേറെ മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചിട്ടില്ല. വെള്ളപ്പൊക്കത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് നല്‍കേണ്ട തുക പോലും എംവി ആറിനെ തടഞ്ഞതിെൻറ പേരില്‍ ശയ്യാവലംബിയായ പുഷ്പന് നല്‍കിയത് ഏതു നീതിയുടെ പേരിലാണെന്നും സുധാകരന് ചോദിച്ചു.
കണ്‍സൽട്ടന്‍സി ലോബികള്‍ തിരുവനന്തപുരത്ത് പെട്ടിക്കടപോലെ തഴച്ചുവളരുകയാണ്. കണ്സൽട്ടന്സിയില്ലാതെ ഒരു ഇടപാടും ഈ സര്‍ക്കാറിനില്ല. ഇതിൻ്റെ ഒരു വിഹിതം പാര്‍ട്ടിക്കാണ് പോകുന്നത്.
പിണറായി വിജയനെന്ന ഫാഷിസ്റ്റിനെ കേരള മണ്ണില്‍നിന്ന് ചവിട്ടി പുറത്താക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ഇത് എല്ലാവരും ഉപയോഗിക്കണമെന്നും സുധാകരന് പ്രസംഗത്തിനിടയിൽ പറഞ്ഞു.നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെതിരെ നടത്തിയ പരാമർശവും വിവാദത്തിലായിരുന്നു.