ന്യൂഡെൽഹി: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. ഇപ്പോൾ രാജിവെച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ മലപ്പുറം ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് വരുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ ലീഗിനും യുഡിഎഫിനും അത് നേട്ടമാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു.
രാജിക്ക് മുന്നോടിയായി ഡെൽഹിയിൽ നിന്ന് ചൊവ്വാഴ്ച പാണക്കാടെത്തി ഹൈദരലി തങ്ങളെ കണ്ട ശേഷം അദ്ദേഹം വീണ്ടും ഡെൽഹിക്ക് മടങ്ങി. രാജിക്കത്ത് ഇന്നോ നാളെയോ ലോക്സഭാ സ്പീക്കർക്ക് കൈമാറാനാണ് സാധ്യത.
കഴിഞ്ഞമാസം ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിലാണ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്നും നിയമസഭയിലേക്ക് മത്സരിക്കണമെന്നുമുള്ള അഭിപ്രായം ഉയർന്നത്. അദ്ദേഹം എംപി സ്ഥാനം ഒഴിയുമെന്ന കാര്യം ലീഗ് നേതാവ് കെപി എ മജീദ് തന്നെ യോഗത്തിന് ശേഷം അറിയിക്കുകയുണ്ടായി.
പാതിവഴിയിൽ ലോക്സഭാംഗത്വം ഒഴിയുന്നത് സിപിഎമ്മിന്റേയും ബിജെപിയുടേയും കടുത്ത വിമർശനത്തിന് ഇടയാക്കിയതോടെ ഇതിൽ പുനരാലോചന ഉണ്ടായേക്കുമെന്ന സൂചനകളും വന്നു. എന്നാൽ കുഞ്ഞാലിക്കുട്ടി സംസ്ഥാനത്ത് സജീവമാകണമെന്ന പാർട്ടി നേതൃത്വത്തിന്റെ അഭിപ്രായമാണ് രാജി തീരുമാനത്തിലേക്ക് നയിച്ചത്.
എംപി സ്ഥാനം ഒഴിയുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമോ എന്ന ആശങ്ക യുഡിഎഫ് കേന്ദങ്ങൾക്കുണ്ട്. കൂടാതെ സിപിഎമ്മും ബിജെപിയും ഇത് രാഷ്ട്രീയ വിഷയമാക്കി ഉയർത്തുമെന്നും ഉറപ്പ്. എന്നാൽ ഇക്കാര്യത്തിൽ രാഹുൽഗാന്ധി അടക്കമുള്ളവരുടെ സമ്മതം തേടിയശേഷമാണ് രാജിയെന്നാണ് സൂചന.