തിരുവനന്തപുരം: ലൈസൻസും ആർ.സിയും അപേക്ഷകർക്കോ ഏജൻറുമാർക്കോ നേരിട്ട് നൽകാതെ തപാൽ വഴിയാക്കിയെങ്കിലും മറികടക്കാൻ പല ആർ.ടി ഓഫിസുകളിലും ‘ഫോട്ടോസ്റ്റ്റ്’ തന്ത്രം. നടപടി പൂർത്തിയായ ആർ.സിയുടെ ഫോട്ടോ കോപ്പി വിലാസം എഴുതിയ കവറിലിട്ട് തപാലിലയക്കുകയും യാഥാർഥ കോപ്പി ഏജൻറിന് കൈമാറുകയുമാണ് പുതിയ രീതി. ഭാരം തോന്നിക്കാൻ പുക പരിശോധന സർട്ടിഫിക്കറ്റിന്റെയോ ഇൻഷുറൻസിന്റെയോ ഫോട്ടോ കോപ്പി കൂടി കവറിലിടും.
അധികൃതരുടെ കണ്ണിൽ പൊടിയിട്ടുള്ള പുതിയ കുറുക്കുവഴി കൂടുതൽ ഓഫിസുകളിലേക്ക് വ്യാപിക്കുകയാണെന്നാണ് വിവരം. വാഹന രേഖകൾ ജനുവരി ഒന്നുമുതൽ നേരിട്ട് കൈമാറരുതെന്നാണ് ഗതാഗത കമീഷണറേറ്റിൻ്റെ കർശന നിർദേശം. ഉദ്യോഗസ്ഥർ തന്നെ വിലാസമെഴുതി കവറിലിട്ട് തപാൽ വഴി അയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
നേരിട്ട് കൈമാറാതെ ‘അയച്ചു’ എന്നതിന് തപാൽ രേഖകളുണ്ടാക്കാനാണ് ഫോട്ടോ കോപ്പിയെടുത്ത് അയക്കുന്നത്. വിജിലൻസ് അന്വേഷണമോ മറ്റോ ഉണ്ടായാലും തപാൽ രേഖകൾ ഭദ്രമായി ഉണ്ടാകും. അന്വേഷണ ഉദ്യോഗസ്ഥർക്ക് പിടികൂടാനുമാകില്ല. ഏജൻറുമാർ വഴിയെത്തുന്ന അപേക്ഷകളിലാണ് ഈ കുറുക്കുവഴി. ഇതിലൂടെ കൈമടക്ക് മുടങ്ങുകയുമില്ല.
നേരിട്ട് കൈമാറൽ അവസാനിപ്പിച്ചതിനെതിരെ ഒരുവിഭാഗം ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു. വിലാസം തങ്ങൾക്ക് എഴുതാനാവില്ലെന്നും കവർ വാങ്ങാൻ ഓഫിസിൽ പണമില്ലെന്നുമായിരുന്നു ആദ്യമുയർന്ന വാദം. തുടർന്ന് കവർ വാങ്ങാൻ എല്ലാ ആർ.ടി.ഒമാർക്കും രണ്ടുലക്ഷം രൂപ വീതം അനുവദിച്ചു.
തപാൽ വകുപ്പിൻ്റെ ‘പോസ്റ്റ് ഫസ്റ്റ്, പേ ലേറ്റർ’ സൗകര്യങ്ങളും ഒരുക്കി. അതത് ദിവസത്തെ ലൈസൻസും ആർ.സിയും കവറിലിട്ട് തയാറാക്കി വെച്ചാൽ തപാൽ ജീവനക്കാർ ഓഫിസുകളിൽനിന്ന് ശേഖരിച്ച് സ്റ്റാമ്പൊട്ടിച്ച് അയക്കുന്നതാണ് സംവിധാനം. വിലാസം പ്രിൻ്റെടുത്ത് കവറിൽ ഒട്ടിക്കുന്നതിനുള്ള അഞ്ച് ലക്ഷം സ്റ്റിക്കർ തയാറാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. ക്രമീകരണങ്ങളുണ്ടെങ്കിലും അട്ടിമറിക്ക് പുതിയ വഴികളാണ് ഓഫിസുകളിൽ പയറ്റുന്നത്.