കരിപ്പൂർ വിമാനദുരന്തം ; മരിച്ചയാളുടെ രണ്ട് വയസുകാരി മകൾക്ക് എയർ ഇന്ത്യ ഒന്നരകോടി നഷ്​ടപരിഹാരം നൽകും

കൊച്ചി: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചയാളുടെ രണ്ട് വയസ്സുള്ള മകൾക്ക് എയർ ഇന്ത്യ ഒന്നര കോടി നഷ്​ടപരിഹാരം നൽകും. അപകടത്തിൽ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീ‍െൻറ മകൾക്ക് 1.51 കോടി നൽകാൻ തയാറാണെന്ന് എയർ ഇന്ത്യ കമ്പനി ഹൈകോടതിയിൽ അറിയിച്ചു. തുക എത്രയും വേഗം നൽകാൻ ഷറഫുദ്ദീൻ്റെ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും നൽകിയ ഹർജി തീർപ്പാക്കി ജസ്​റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു.

മരിച്ചയാളു​ടെയും ഭാര്യയു​ടെയും നഷ്​ടപരിഹാരം തീരുമാനിക്കാനുള്ള പൂർണരേഖകൾ ലഭിച്ചശേഷം ഇക്കാര്യത്തിലും തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. വിമാനാപകട ഇരകൾക്ക് കൂടുതൽ നഷ്​ടപരിഹാരത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അനുവദിച്ച് ഉത്തരവിടുകയും വേണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.

ഷറഫുദ്ദീനൊപ്പം യാത്രക്കാരായിരുന്ന ഭാര്യക്കും മകൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഹരജിക്കാർക്ക് അന്തർ ദേശീയ സ്​റ്റാൻ​ഡേർഡ് പ്രകാരമുള്ള കുറഞ്ഞ തുകപോലും അനുവദിച്ചിട്ടില്ലെന്നും ഇത് നൽകാൻ ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. നേര​ത്തേ ഹരജി പരിഗണിക്കവേ ഹരജിക്കാരുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാരും എയർ ഇന്ത്യയും (നാഷനൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ) കോടതിയെ അറിയിച്ചു. ക്ലെയിം ഫോറം ഉടൻ നൽകുമെന്ന് ഹരജിക്കാരും അറിയിച്ചു.

എത്രയും വേഗം അപേക്ഷ നൽകാനും പരിഗണിച്ച് നൽകാൻ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിർദേശിച്ചു. തുടർന്നാണ് കഴിഞ്ഞ ദിവസം കുട്ടിക്ക് 1,51,08,234 രൂപ നഷ്​ടപരിഹാരം നൽകാമെന്ന് വിമാനക്കമ്പനി അറിയിച്ചത്.