രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് നാളെ കാസര്‍കോട്ട്  തുടക്കം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ  ‘ഐശ്വര്യ കേരള യാത്ര’യ്ക്ക് നാളെ   മഞ്ചേശ്വരത്ത് തുടക്കം. ‘സംശുദ്ധം സദ്ഭരണം’ എന്നതാണ് ജാഥയുടെ മുദ്രാവാക്യം.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.
 
മഞ്ചേശ്വരത്ത് നാളെ വൈകിട്ട് മൂന്നിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജാഥ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ്  അന്‍വര്‍ മുഖ്യ അതിഥിയായിരിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര, കര്‍ണ്ണാടക മുന്‍മന്ത്രിമാരായ യു.റ്റി. ഖാദര്‍, വിനയകുമാര്‍ സോര്‍ക്കെ, രാമനാഥ് റായ്,  മുസ്ലീംലീഗ് നേതാവ് പികെകുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് എംകെ.മുനീര്‍, യു.ഡി.എഫ് കണ്‍വീനര്‍ എംഎംഹസ്സന്‍, പിജെ ജോസഫ്,   എഎ അസീസ്, അനൂപ് ജേക്കബ്, സിപി ജോണ്‍, ജി.ദേവരാജന്‍, ജോണ്‍ ജോണ്‍, കെസുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംബന്ധിക്കും.

യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് 23 ന് തിരുവനന്തപുരത്ത് സമാപന റാലി കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.