തൃശൂർ: പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകനായി തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വത്തിക്കാനിൽ നിന്ന് നിയമിതനായി. അഞ്ചു വർഷത്തേക്കാണ്. ഫ്രാൻസീസ് മാർപ്പാപ്പയുടെ ഈ പ്രത്യേക നിയമനം .
റോമൻ കൂരിയയുടെ ഭാഗമായ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് മാർപ്പാപ്പയെ തന്റെ അജപാലന ദൗത്യങ്ങളിൽ സഭാനിയമ വ്യാഖ്യനത്തിലൂടെ സഹായിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.1917ൽ ബനഡിക്റ്റ് പതിനഞ്ചാമൻ മാർപ്പാപ്പയാണ് സഭാ നിയമവ്യാഖ്യാനത്തിനായി ഒരു പൊന്തിഫിക്കൽ കമ്മീഷൻ തുടങ്ങുന്നത്. 1989ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഈ കമ്മീഷനെ പൊന്തിഫിക്കൽ കൗൺസിൽ പദവിയിലേക്ക് ഉയർത്തി. സഭാനിയമ വ്യഖ്യാനത്തിലൂടെ വത്തിക്കാൻ ഭരണസംവിധാനത്തിലെ നെടുംതൂണാണ് പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ്.
ഇന്ത്യയിലെ അറിയപ്പെടുന്ന പൗര്യസ്ത്യ കാനൻ നിയമവിദ്ഗനായ മാർ ആൻഡ്രൂസ് താഴത്ത് 2008 മുതൽ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകനായി നിയമിതനായിട്ടുണ്ട്. മാർപ്പാപ്പ കേരളസഭയ്ക്ക് നല്കിയ വലിയ അംഗീകാരമായി ഈ നിയമനത്തെ കാണുന്നുവെന്ന് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു.