ഉദ്ഘാടനം കഴിഞ്ഞ ആലപ്പുഴ ബൈപ്പാസിൽ വാഹനാപകടം; ടോൾ ബൂത്ത് പൂർണമായും തകർന്നു

ആലപ്പുഴ: ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ ആലപ്പുഴ ബൈപ്പാസിൽ വാഹനാപകടം. തടിയുമായെത്തിയ ലോറി ഇടിച്ച് ആലപ്പുഴ ബൈപ്പാസിന്റെ ടോൾ ബൂത്ത് പൂർണമായും തകർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.

അപകടത്തിൽ ആളപായമില്ല. ലോറിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ടും ബൈപ്പാസിൽ അപകടങ്ങൾ ഉണ്ടായിരുന്നു. തുറന്ന് കൊടുത്ത് ഒരു മണിക്കൂറിനുള്ളിൽ വാഹനങ്ങൾ ഒന്നൊന്നായി കൂട്ടിയിടിക്കുകയായിരുന്നു.

ഗതാഗത കുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് പലയിടത്തും വാഹനങ്ങൾ കൂട്ടിയിടിച്ചത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഇന്നലെ ബൈപ്പാസ് നാടിന് സമർപ്പിച്ചത്.