കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയിൽ തുടരുന്ന റെക്കോർഡ് വർധനയിൽ നടുവൊടിഞ്ഞു ജനം. ഡീസൽ ലീറ്ററിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണു ബുധനാഴ്ച കൂട്ടിയത്. കൊച്ചി നഗരത്തിൽ ഡീസൽ വില ലീറ്ററിന് 80 രൂപ 77 പൈസയായി. പെട്രോളിന് 86 രൂപ 57 പൈസ. തിരുവനന്തപുരത്തെ ഗ്രാമീണ മേഖലകളിൽ പലയിടത്തും പെട്രോൾ വില ലീറ്ററിന് 90 രൂപയ്ക്കടുത്തെത്തി.
ജനരോഷം കേന്ദ്ര സംസ്ഥാന സർക്കാരുകളോടാണ്. മുമ്പാക്കെ വർഷത്തിൽ ഒരു തവണ പെട്രോൾ വില വർധിപ്പിച്ചാൽ പോലും നാടുനീളെ പ്രതിഷേധവുമായി ഇറങ്ങിയ രാഷ്ട്രീയ പാർട്ടികൾ ഉറക്കത്തിലാണ്. കൊറോണയുടെ മറവിൽ ജനത്തെ കൊള്ളയടിച്ച് നികുതിയിൽ കെട്ടിപ്പിടിച്ച് സർക്കാരുകൾ മുന്നേറുകയാണ്.
കഴിഞ്ഞദിവസം പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടിയതിനു പിന്നാലെയാണു പുതിയ വർധന. കൊറോണ ഭീതിയിൽ പൊതുഗതാഗതം ഉപേക്ഷിച്ചു സ്വകാര്യ വാഹനങ്ങളിലേക്കു മാറിയവരുടെ നടുവൊടിക്കുകയാണു ദിനംപ്രതി ഉയരുന്ന ഇന്ധന വില. കൊറോണ നിയന്തണങ്ങൾ പാലിച്ച് സർവീസ് നടത്തുന്ന ഓട്ടോ–ടാക്സി തൊഴിലാളികളുടെ ജീവിതവും പെട്രോൾ–ഡീസൽ വില പ്രതിസന്ധിയിലാക്കുന്നു.
ഓരോ ദിവസം കഴിയുന്തോറും പെട്രോൾ അടിക്കൽ പോക്കറ്റിന്റെ കനം കുറയ്ക്കുകയാണെന്നു ജനം പറയുന്നു. ദിവസവും 100 രൂപയ്ക്ക് പെട്രോൾ അടിച്ചിരുന്നവർ മിനിമം 200 രൂപയ്ക്ക് അടിക്കാൻ നിർബന്ധിതരായി. കൊറോണ കാലത്ത് സ്വന്തം വാഹനത്തിൽ നിരന്തരം യാത്ര ചെയ്യുന്നവർ ഇന്ധനമടിച്ച് വഴിയാധാരമാകുന്ന അവസ്ഥ.
ഈ മാസം 13 മുതൽ ഏതാണ്ട് മൂന്നു രൂപയോളമാണു കൂട്ടിയത്. ലോക്ഡൗൺ കാലത്ത് വരുമാനില്ലാതെ വലഞ്ഞ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഇരുട്ടടിയാണ് ഈ കൂട്ടൽ. നിത്യോപയോഗ സാധനങ്ങളുടെ വിലനിയന്ത്രിക്കുമെന്നു സർക്കാരുകൾ അവകാശപ്പെടുമ്പോഴും ഇന്ധനവിലയിൽ നികുതിയിളവിനുപോലും കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തയാറാവുന്നില്ലെന്നു വിമർശനമുണ്ട്.