കടുവാക്കുട്ടിയെ വേട്ടയാടാന്‍ പഠിപ്പിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ

തൊടുപുഴ: കടുവാക്കുട്ടിയെ വേട്ടയാടാന്‍ പഠിപ്പിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. പെരിയാര്‍ ടൈഗര്‍ റിസര്‍വിൽ അവശനിലയില്‍ കണ്ടെത്തിയ കടുവക്കുട്ടിയുടെ അമ്മക്കടുവയെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ‘സ്വന്തം കാലില്‍’ നില്‍ക്കാന്‍ കടുവക്കുട്ടിയെ പരിശീലിപ്പിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.

2020 നവംബര്‍ 21നാണു പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ മംഗളാദേവി വനമേഖലയില്‍ നിന്ന് 60 ദിവസം പ്രായമായ പെണ്‍കടുവക്കുട്ടിയെ വാച്ചര്‍മാര്‍ കണ്ടെടുത്തത്.

കൈകാലുകള്‍ തളര്‍ന്ന് അവശനിലയിലായിരുന്നു കടുവക്കുട്ടി. തള്ളക്കടുവ ജീവനോടെയില്ലെങ്കില്‍ മാത്രമേ കുട്ടികള്‍ ഈ രീതിയില്‍ ഒറ്റപ്പെടാറുള്ളൂ. വനം വകുപ്പ് ഏറെ lzരഞ്ഞെങ്കിലും പെണ്‍കടുവയുടെ മൃതദേഹം ലഭിച്ചില്ല. തള്ളക്കടുവയെ കണ്ടെത്താന്‍ പെരിയാര്‍ സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തില്‍ ക്യാമറകള്‍ വച്ചിട്ടും സൂചനയൊന്നും ലഭിച്ചതുമില്ല.

ശാരീരിക അവശതകള്‍ മൂലം കടുവക്കുട്ടിയെ കൂട്ടത്തില്‍ നിന്ന് ഉപേക്ഷിച്ചതാകാമെന്നാണു വനംവകുപ്പിന്റെ ഇപ്പോഴത്തെ നിഗമനം. വനം വകുപ്പിന്റെ പരിചരണത്തിലുള്ള ഈ കടുവക്കുട്ടിക്കു മംഗളാദേവി വനത്തിലുള്ള കരടിക്കവലയിലാണു പരിശീലനം. ചെറിയ വ്യായാമവും ചിട്ടയായ ഭക്ഷണവും നല്‍കി പൂര്‍ണ ആരോഗ്യവതിയാക്കുകയാണ് ആദ്യപടി.

ഇതിനൊപ്പം തനിയെ വേട്ടയാടാനുള്ള പരിശീലനവും നല്‍കും. മനുഷ്യരുടെ മണം പരിചിതമാകാതിരിക്കാന്‍ പുറംലോകം കാണിക്കാതെയാണു കടുവക്കുട്ടിയെ സംരക്ഷിക്കുന്നത്. കാട്ടില്‍ വിടുന്ന കടുവ മനുഷ്യഗന്ധം കിട്ടി നാട്ടില്‍ തിരികെ വരാതിരിക്കാനാണ് ഈ മുന്‍കരുതല്‍. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ബാബുവിന്റെ നേതൃത്വത്തില്‍ വനംവകുപ്പിലെ വെറ്ററിനറി ഡോക്ടര്‍മാരായ ശ്യാം ചന്ദ്രനും ബി.ജി.സിബിക്കുമാണു കടുവക്കുട്ടിയുടെ പരിപാലനത്തിന്റെ ചുമതല.