കള്ളപ്പണക്കേസിലും ശിവശങ്കറിന് ജാമ്യം; ഡോളർ കടത്തിൽ ജാമ്യം കിട്ടിയാൽ പുറത്തിറങ്ങാം

കൊച്ചി: എൻഫോഴ്സ്മെന്‍റ് റജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ എം ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 89-ാം ദിവസമാണ് ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്. ഒക്ടോബർ 28-നായിരുന്നു എൻഫോഴ്സ്മെന്‍റ് എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. കേസിൽ നേരത്തേ എൻഫോഴ്സ്മെന്‍റ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഇന്ന് കസ്റ്റംസ് റജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിൽ സാമ്പത്തികകുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേകകോടതിയിൽ നിന്ന് എം ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. ഇനി ഡോളർ കടത്ത് കേസിൽക്കൂടി ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് പുറത്തിറങ്ങാം. ഈ കേസിൽ ഈ മാസം ഇരുപത്തിയേഴാം തീയതി എം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കാൻ സെഷൻസ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നൽകിയിട്ടുണ്ട്. ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസ് നൽകിയ റിമാൻഡ് അപേക്ഷ പരിഗണിച്ചാണ് നടപടി.