മാസങ്ങളെടുത്ത് റൂട്ട് മാപ്പ് തയാറാക്കി; മൂന്ന് മാസം ബംഗളൂരുവിൽ, കൊള്ള 22കാരന്റെ നേതൃത്വത്തിൽ; സിനിമയെ വെല്ലുന്ന പ്ലാനിങ്ങ്

ചെന്നൈ: തമിഴ്നാട് ഹൊസൂരിലെ മുത്തൂറ്റ് ഫിനാന്‍സിന്റെ ബ്രാഞ്ച് കൊള്ളയടിച്ചത് 22 വയസുള്ള വിദ്യാര്‍ഥിയുടെ നേതൃത്വത്തിലെന്ന് പൊലീസ്. മാസങ്ങളെടുത്ത് റൂട്ട് മാപ്പടക്കം തയാറാക്കി വെറും പതിനെഞ്ച് മിനിറ്റിനുള്ളിലാണ് സംഘം ഇരുപത്തിയഞ്ചര കിലോ സ്വര്‍ണം കവര്‍ന്നത്. കേസില്‍ ഹൈദരാബാദ് പൊലീസിന്റെ പിടിയിലായവരുടെ എണ്ണം ഏഴായി. മറ്റു രണ്ടുപേര്‍ക്കു വേണ്ടി തമിഴ്നാട് പൊലീസ് തിരച്ചില്‍ തുടങ്ങി.

വെള്ളിയാഴ്ച രാവിലെയാണ് ഹൊസൂരിലെ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഒരു സംഘം കൊള്ളയടിച്ചത്.
മധ്യപ്രദേശ് ജബല്‍പൂര്‍ സ്വദേശി ഇരുപത്തിരണ്ടു വയസുള്ള വിദ്യാര്‍ഥിയായ രൂപ് സിങ് ഭാഗലിന്റെ നേതൃത്വത്തിലാണ് ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന കവര്‍ച്ച നടന്നത്.

സംഘത്തില്‍പെട്ട സഹോദരന്‍ ശങ്കര്‍ സിങ് ഭാഗല്‍, ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശികളായ പവന്‍കുമാർ, ബുബേന്ദര്‍ മാഞ്ചി,വിവേക് മണ്ഡല്‍ മീററ്റ് സ്വദേശികളായ തെക്ക്റാം , രാജീവ് കുമാര്‍ എന്നിവരെയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

രൂപ് സിങ് ഭാഗല്‍ മൂന്നുമാസം ബംഗളുരുവില്‍ താമസിച്ചാണു കൊള്ളയ്ക്കായി ഹൊസൂരിലെ മുത്തൂറ്റ് ഫിനാന്‍സ് തിരഞ്ഞെടുത്തത്. ഹൊസൂരിലെത്തി മൊബൈലില്‍ വീഡിയോ ചിത്രീകരിച്ചു റൂട്ട് മാപ്പ് തയ്യാറാക്കിയായിരുന്നു കവര്‍ച്ച.

മൂന്നു ബൈക്കുകളിലായി ആറു പേരാണ് കവര്‍ച്ചയ്ക്കായി മുത്തൂറ്റിലെത്തിയത്.‍ രണ്ടുപേര് പുറത്ത് നിറതോക്കുമായി കാവല്‍ നിന്നു.‍ രണ്ടുപേര് ജീവനക്കാരെ ബന്ദികളാക്കി. ബാക്കിയുള്ളവരാണു മാനേജറെകൊണ്ടു ലോക്കര്‍ തുറപ്പിച്ചു സ്വര്‍ണവും പണവും കവര്‍ന്നത്.

ഇതിനെല്ലാം വെറും 15 മിനിറ്റ് സമയം മാത്രമാണെടുത്തത്. വന്ന ബൈക്കുകളില്‍ തന്നെ മടങ്ങിയ സംഘം തമിഴ്നാട്– കര്‍ണാടക അതിര്‍ത്തിയില്‍ വാഹന ഉപേക്ഷിച്ചു. ഇവിടെ ഒരു ലോറിയും സുമോയും നേരത്തെ തന്നെ തയാറാക്കി നിര്‍ത്തിയിരുന്നു. ലോറിയുടെ രഹസ്യ അറയിലേക്കു സ്വര്‍ണം മാറ്റി. ലോറിയും സുമോയും നേരെ ജാര്‍ഖണ്ഡ് ലക്ഷ്യമാക്കി കുതിച്ചു.

സ്വര്‍ണം അടങ്ങിയ ബാഗുകളിലെ ജിപിഎസ് സംവിധാനത്തില്‍ നിന്നാണു ഹൈദരാബാദ് ഭാഗത്തേക്കു കൊള്ളക്കാര്‍ പോകുന്നത് കൃഷ്ണഗിരി പൊലീസ് മനസിലാക്കിയത്. ടോള്‍ പ്ലാസകളില്‍ നിന്ന് ലോറിയുടെയും സുമോയുടെയും നമ്പറുകള്‍ കണ്ടെത്തി.

ഉടന്‍‌ വിവരം ഹൈദരാബാദ് പൊലീസിനു കൈമാറി. സൈദരാബാദ് കമ്മീഷണര്‍ വി.സി സജ്ജനാരുടെ നേതൃത്വത്തിൽ 200 ലേറെ സായുധപൊലീസുകാരെ അണിനിരത്തിയാണു കൊള്ളകകാരെ പിടിച്ചത്. ഷംസാദ്ബാദിനടുത്തുള്ള തൊണ്ടപ്പള്ളി ടോള്‍ ഗേറ്റില്‍ വച്ചു സുമോയും അഞ്ചു പേരെയും പിടികൂടി. മറ്റൊരു ടോള്‍ പ്ലാസയില്‍ നിന്നാണ് ലോറിയും കസ്റ്റഡിയിലെടുത്തു. 25.5 കിലോ സ്വര്‍ണവും ഏഴു തോക്കുകളും 86 തിരകളും പിടികൂടിയിട്ടുണ്ട്.