തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സംയുക്ത പണിമുടക്കിനൊരുങ്ങുന്നു. പുതിയ നിയമം നടപ്പിലാകുന്നതോടെ വൈദ്യുതി നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യമുണ്ടാകുമെന്ന് തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. രാജ്യത്തെ പത്ത് ലക്ഷത്തോളം ജീവനക്കാരെ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കത്തിനെതിരെയാണ് സംയുക്ത പണിമുടക്ക്.
വൈദ്യുതി ജീവനക്കാരുടെ സംഘടനകളുടെ വിശാല വേദിയായ നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനിയേഴ്സാണ് ഫെബ്രുവരി മൂന്നിന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണ പ്രതിപക്ഷ യൂണിയനുകള്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്ത് പണിമുടക്ക് പൂർണ്ണമായിരിക്കും.
കേന്ദ്ര സര്‍ക്കാരിന്‍റെ വൈദ്യുതി നിയമ ഭേദഗതി, വൈദ്യുതി മേഖലയിലെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. പൊതു ഉടമസ്ഥതയിലുള്ള വൈദ്യുതി വിതരണ മേഖല സ്വകാര്യ കുത്തകകള്‍ കയ്യടക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സൂക്ഷമ ഇടത്തരം ചെറുകിട വ്യവസയാങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്ന ക്രോസ് സബ്സിഡി ഇല്ലാതാകും. ഇതോടെ വൈദ്യുതി നിരക്ക് കുത്തനെ ഉയരുമെന്നാണ് ജീവനക്കാർ പറയുന്നത്.
സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ബില്ലിലൂടെ നല്കുന്നതിനു പകരം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് മാത്രം നല്‍കും. ഇതോടെ ഉപഭോക്താക്കള്‍ക്ക് മുന്‍കൂറായി കൂടിയ നിരക്കിലുള്ള ബില്‍ തുക അടക്കേണ്ടി വരും. റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനേയും അംഗങ്ങളേയും തീരുമാനിക്കാനുള്ള അവകാശം കേന്ദ്രം കയ്യടക്കുന്നത് ഫെഡറല്‍ വ്യവസ്ഥയുടെ തത്വങ്ങള്‍ക്കെതിരാണെന്ന് ജീവനക്കാർ പറയുന്നു.