മൊഴിയെടുക്കാനെന്ന പേരിൽ കൊണ്ടുപോയി അറസ്റ്റ് ചെയ്തു; താൻ നിരപരാധി, സത്യം പുറത്ത് വരണം: പോക്സോ കേസിലെ അമ്മ

തിരുവനന്തപുരം: മൊഴിയെടുക്കാൻ എന്ന് പറഞ്ഞാണ് പൊലീസ് തന്നെ കൊണ്ടുപോയത്. എന്നാൽ അറസ്റ്റ് ചെയ്യുകയായിരുന്നു. താൻ നിരപരാധിയാണെന്ന് കടയ്ക്കാവൂർ പോക്സോ കേസിൽ പ്രതിസ്ഥാനത്തുള്ള അമ്മ. സത്യം പുറത്തു വരണമെന്നും കള്ളക്കേസാണ് തനിക്കെതിരെ ചുമത്തിയതെന്നും അവർ പറഞ്ഞു.

2019 ൽ താൻ ഭർത്താവിനെതിരെ പരാതി കൊടുത്തിരുന്നുവെന്നും അതിൽ നടപടിയുണ്ടായില്ലെന്നും അവർ പറഞ്ഞു. ഭർത്താവ് മകനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി. സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷ. മകനെ ഭീഷണിപ്പെടുത്തിയായിരിക്കും പരാതി കൊടുപ്പിച്ചതെന്നും അവർ സംശയം പ്രകടിപ്പിച്ചു.

മോനെ അലർജിക്ക് ആശുപത്രിയിൽ കാണിച്ചിരുന്നു. ആ മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. കണ്ടെത്തിയെന്നു പറയുന്ന മരുന്ന് ഏതാണെന്ന് അറിയില്ല. മകനോട് ഒന്നും പറയാനില്ല. അവനും മാനസിക വിഷമത്തിൽ ആയിരിക്കും. കുട്ടികളെ തിരിച്ചു കിട്ടണം. നിയമ പോരാട്ടം തുടരും.

അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കേസ് എന്താണെന്ന് പോലും അറിയില്ലായിരുന്നു. പരാതി കൊടുത്ത കുട്ടി അടക്കം എല്ലാവരെയും തനിക്ക് വേണം. മകനെ കാണണം. സത്യം പുറത്തു വരുമെന്നും അവർ പ്രതീക്ഷ പങ്കുവച്ചു. കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച പ്രതിയായ അമ്മ ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്.

മകൻ്റെ പരാതിയിൽ അറസ്റ്റു ചെയ്യപ്പെട്ട അമ്മയ്ക്ക് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു.

ജസ്റ്റിസ് ഷെർസിയുടെ സിംഗിൾ ബ‌ഞ്ചാണ് കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്. 13 വയസ്സുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പോക്സോ കേസ് ചുമത്തപ്പെട്ടാണ് ഇവർ ജയിലിലായത്. ഉപാധികളോടെയാണ് അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്. അസാധാരണമായ ഒരു കേസാണിതെന്നും, മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണമെന്നും കേസിൽ ഹൈക്കോടതി നിരീക്ഷിച്ചു.