പൊലീസിനെ നിലയ്ക്ക് നിര്‍ത്തുമെന്ന് സിപിഎം ഭീഷണിമുഴക്കി; പിന്നാലെ എസ് ഐയ്ക്ക്‌ സ്ഥലംമാറ്റം

കോഴിക്കോട്: പുതവര്‍ഷ ആഘോഷത്തിനിടെ സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതിനെതുടര്‍ന്ന് വിവാദത്തിലായ ചോമ്പാല എസ്ഐ പ്രശോഭിന് സ്ഥലംമാറ്റം. ചോമ്പാല പൊലീസിന് എതിരേ സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം ഇ എം ദയാനന്ദന്‍ ഭീഷണി പ്രസംഗം നടത്തിയിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ അകാരണമായി നടപടിയെടുക്കുന്ന ചോമ്പാല പൊലീസിനെ നിലയ്ക്ക് നിര്‍ത്തുമെന്ന് പാര്‍ട്ടി ഭീഷണി മുഴക്കി ദിവസങ്ങൾക്കകമാണ് എസ്ഐയുടെ സ്ഥലം മാറ്റം.

പുതുവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്നായിരുന്നു ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം ഇ.എം ദയാനന്ദന്‍റെ ഭീഷണി പ്രസംഗം. തുടര്‍ന്ന് ഇദ്ദേഹം സ്റ്റേഷനിലെത്തി എസ്ഐ വെല്ലുവിളിച്ചിരുന്നു.

ചോമ്പാല എസ് ഐ പ്രശോഭിനെ പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇത് സംബന്ധിച്ച് വടകര റൂറല്‍ എസ്പി എ ശ്രീനിവാസ് ഉത്തരവ് പുറപ്പെടുവിച്ചു. പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയെടുക്കാന്‍ ശ്രമിച്ചയാളെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തിയെന്ന പേരില്‍ സിപിഎം പ്രവര്‍ത്തകനായ ഹേമന്തിനെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തിരുന്നു.

പൊലീസ് ഹേമന്തിന്‍റെ വീട്ടില്‍ സ്ത്രീകളോടും കുട്ടികളോടും വലിയ അതിക്രമം കാട്ടിയെന്ന് സിപിഎം പൊതുയോഗത്തില്‍ ആരോപിച്ചിരുന്നു. പിന്നീടായിരുന്നു ഏരിയാ കമ്മിറ്റി അംഗം സ്റ്റേഷനിലെത്തി ഭീഷണി മുഴക്കിയത്. ഇതിനു പിന്നാലെയാണ് സ്ഥലം മാറ്റം.