കൊച്ചി: കിടപ്പുരോഗിയായ 89 കാരിയോട് നേരിട്ട് വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ നിര്‍ബന്ധിച്ച് അധ്യക്ഷ എംസി ജോസഫൈന്. പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിന് ജോസഫൈന്റെ ശകാരവര്‍ഷം. അധിക്ഷേപിച്ച് സംസാരിക്കുന്ന ജോസഫൈന്റെ ഫോണ്‍സംഭാഷണം പുറത്ത്.
പത്തനംതിട്ട കോട്ടാങ്ങല്‍ സ്വദേശി ലക്ഷ്മിക്കുട്ടി അമ്മയാണ് പരാതിക്കാരി. അയല്‍വാസിയുടെ മര്‍ദ്ദനമേറ്റാണ് ലക്ഷ്മിക്കുട്ടിയമ്മ കിടപ്പിലായത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു വനിതാ കമ്മീഷനെ സമീപിച്ചത്. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് വൃദ്ധയെ മദ്യലഹരിയില്‍ അയല്‍വാസി മര്‍ദ്ദിച്ചത്.
89 വയസുള്ള വയോധിക എന്തിനാണ് വനിതാ കമ്മീഷന് പരാതി നല്‍കുന്നതെന്ന് ചോദിച്ചായിരുന്നു അധിക്ഷേപമെന്ന് ബന്ധു പറയുന്നു. പരാതിക്കാരി ആരായാലും വിളിക്കാവുന്നിടത്ത് ഹിയറിങിന് ഹാജരാകണമെന്നും ജോസഫൈന് ഇയാളോട് പറയുകയും ചെയ്തു.
എന്നാല്‍ സംഭവം പുറത്തുവന്നതിന് പിന്നാലെ പരാതിക്കാരിയുടെ ബന്ധു സംഭാഷണം ദുര്‍വ്യാഖ്യാനം ചെയ്തെന്ന് ജോസഫൈന് പറഞ്ഞു. പരാതിക്കാരിയുടെ ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമാണെന്നും 89 കാരിയെ കൊണ്ട പരാതി നല്‍കിച്ചത് തെറ്റെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ജോസഫൈന് പറഞ്ഞു.