തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാൻ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയിൽ ചലച്ചിത്ര താരം മോഹൻലാൽ ഗുഡ് വിൽ അംബാസഡറാകുന്നു. കൊറോണയ്ക്കൊപ്പം മറ്റു ആരോഗ്യ പ്രശ്നങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് ആകുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു.
സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി 2025ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താൻ സംസഥാന സർക്കാർ ‘എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി’ നടപ്പിലാക്കി വരികയാണ്.
ക്ഷയരോഗത്തിന്റെയും കൊറോണയുടെയും പ്രധാന ലക്ഷണങ്ങൾ ചുമയും പനിയും ആയതിനാൽ ക്ഷയരോഗം കണ്ടെത്തുന്നതിൽ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ഇത് മുന്നിൽ കണ്ടാണ് ക്ഷയരോഗ ബാധിതരെ കണ്ടെത്തുന്നതിനുള്ള കാമ്പയിൻ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പൊതുജനാരോഗ്യ സംവിധാനങ്ങളിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന ‘അക്ഷയകേരളം’ പദ്ധതിയെ കേന്ദ്ര സർക്കാർ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. കൊറോണ മഹാമാരി പടർന്നു പിടിച്ചപ്പോൾ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങൾ അർഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ചു നൽകിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തെരഞ്ഞെടുത്തത്.
ക്ഷയരോഗ നിവാരണത്തോടൊപ്പം ക്ഷയരോഗ ബാധിതരോടുള്ള കാഴ്ചപ്പാടുകളും വിവേചനങ്ങളും ഇല്ലാതാകാൻ സമൂഹം ഒരുമിച്ചു നിൽക്കേണ്ടതുണ്ടെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. നമ്മൾ പ്രളയത്തെയും മറ്റു മഹാമാരികളെയും വളരെ വേഗം അതിജീവിച്ചവരാണ്. ക്ഷയരോഗ നിർമ്മാർജ്ജനവും അതുപോലെ തന്നെ സാധ്യമാക്കാൻ നമ്മുക്ക് കഴിയുമെന്നും മോഹൻലാൽ വ്യക്തമാക്കി.