തിരുവനന്തപുരം:സംഘടനാതലത്തിലുള്ള അഴിച്ചുപണികൂടി പരിഗണിച്ചായിരിക്കും പാർട്ടി സമ്മേളനത്തിൽ സിപിഎമ്മിന്റെ സ്ഥാനാർഥി നിർണയം. യുവാക്കൾക്കും വനിതകൾക്കും പരിഗണന നൽകുന്നതിനൊപ്പം നിലവിൽ ഭാരവാഹിത്വത്തിലുള്ളവരും മത്സരത്തിനിറങ്ങിയേക്കും.
കോഴിക്കോട് ജില്ലാസെക്രട്ടറി പി. മോഹനൻ, കോട്ടയം ജില്ലാസെക്രട്ടറി വി.എൻ. വാസവൻ, കണ്ണൂർ ജില്ലാസെക്രട്ടറി എം.വി. ജയരാജൻ എന്നിവരാണ് മത്സരിക്കാൻ സാധ്യതയുള്ളത്.
ജില്ലാസെക്രട്ടറിമാരിൽ മോഹനനും വാസവനുമാണ് സാധ്യതയേറെ. ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് ആരുവരും എന്നതിന് അനുസരിച്ചിരിക്കും എംവി ജയരാജന്റെ സാധ്യത. ആലപ്പുഴ മുൻ ജില്ലാസെക്രട്ടറി സിബി ചന്ദ്രബാബുവും ഇത്തവണ മത്സരത്തിനിറങ്ങിയേക്കും. അരൂരിൽ ഇദ്ദേഹത്തിന്റെ പേരും പരിഗണിക്കുന്നുണ്ട്.
ഡിവൈഎഫ്ഐ. നേതാക്കളായ മുഹമ്മദ് റിയാസ്, എ.എ. റഹീം, വി.പി. സാനു, ജെയ്ക് സി. തോമസ് എന്നിവരാണ് യുവജന സംഘടനാതലത്തിൽനിന്ന് മത്സരിക്കാനിടയുള്ളത്. റിയാസിന്റെ പേര് ബേപ്പൂർ, എലത്തൂർ മണ്ഡലങ്ങളിൽ പറയുന്നുണ്ട്. എലത്തൂർ എൻസിപിയുടെ സിറ്റിങ് മണ്ഡലമാണ്. എൻസിപി. മുന്നണി വിടുകയും എ.കെ. ശശീന്ദ്രൻ അവർക്കൊപ്പം നിൽക്കുകയും ചെയ്താൽ എലത്തൂരിൽ സി.പി.എം. സ്ഥാനാർഥിവരും. ശശീന്ദ്രൻ ഇടതിനൊപ്പം നിന്നാൽ, എലത്തൂരിന് പകരം മറ്റൊരുസീറ്റ് നൽകാമെന്നാണ് അഭിപ്രായം.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവിനും സീറ്റ് നൽകിയേക്കും. ബാലുശ്ശേരിയാണ് പരിഗണിക്കുന്നത്. സംവരണ മണ്ഡലമായ ഇവിടെ പുരുഷൻ കടലുണ്ടി രണ്ടുതവണ മത്സരിച്ചതിനാൽ ഇനി അവസരം നൽകിയേക്കില്ല. കണ്ണൂരിൽനിന്നുള്ള യുവനേതാക്കളായ വി. ശിവദാസൻ, കെ.വി. സുമേഷ് എന്നിവരും സ്ഥാനാർഥികളായി സാധ്യതയുള്ളവരാണ്.
രണ്ടുതവണയായി എൽഡിഎഫിനെ കൈയൊഴിഞ്ഞ അഴീക്കോട് മണ്ഡലം സുമേഷിനെ രംഗത്തിറക്കി തിരിച്ചുപിടിക്കാനാണ് ആലോചന. കണ്ണൂരിലേക്കുള്ള നേതാക്കളുടെ പട്ടിക നീണ്ടതാണ്. ഇതിനൊപ്പം, എൽജെഡി., കേരള കോൺഗ്രസ്, സിപിഐ എന്നിവർക്ക് നൽകേണ്ട സീറ്റുകൾ വേറെയും.
എൻ. സുകന്യ, പി. സതീദേവി എന്നിവർക്കാണ് സ്ത്രീകളിൽ മുൻഗണന. സുകന്യ, കണ്ണൂർ കോർപ്പറേഷനിൽ കൗൺസിലറാണ്. പി. മോഹനൻ മത്സരിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യ മുൻ എംഎൽഎ. കെ.കെ. ലതികയ്ക്ക് സീറ്റുണ്ടാകാനിടയില്ല. പി. മോഹനൻ മത്സരിക്കുകയാണെങ്കിൽ എ. പ്രദീപ് കുമാറിനെയോ റിയാസിനെയോ കോഴിക്കോട് പാർട്ടി ചുമതലയിലേക്ക് മാറ്റാനും സാധ്യതയുണ്ട്.