കുതിരാനിൽ ഒരു തുരങ്കപാതയെങ്കിലും അടിയന്തരമായി തുറക്കണം; ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: പാലക്കാട് -തൃശൂര്‍ ദേശീയ പാതയിലെ കുതിരാനിലെ ഒരു ഭാഗത്തേക്കുള്ള തുരങ്കപാതയെങ്കിലും അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ദേശീയപാത അതോറിറ്റിയുടെ വിശദീകരണം തേടി. ദേശീയപാതാ നിര്‍മാണത്തിലെ അപാകതയെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അടുത്ത തിങ്കളാഴ്ച ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

2009-ല്‍ 165 കോടി രൂപ എസ്റ്റിമേറ്റില്‍ ദേശീയ പാത അതോറിറ്റി സ്വകാര്യ കമ്പനിയ്ക്ക് കരാര്‍ നല്‍കിയെങ്കിലും 11 വര്‍ഷമായിട്ടും പാതയുടെ പണി പൂര്‍ത്തിയായില്ല. കഴിഞ്ഞ ഏതാനും നാളുകളായി പാതയില്‍ നിര്‍മാണപ്രവര്‍ത്തനവുമില്ല. കഴിഞ്ഞ ഞായറാഴ്ച രാത്രി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ തുരങ്കപാതയ്ക്ക് മുകളിലേക്ക് പാറക്കല്ല് ഇടിഞ്ഞ് വീണ് പാത പൂര്‍ണമായും ഗതാഗത യോഗ്യമല്ലാതായി.

പാതയുടെ മുന്നിലേക്ക് പൂര്‍ണമായും മണ്ണിടിഞ്ഞ് വീണ സ്ഥിതിയാണ്. നിര്‍മാണത്തിനായി സജ്ജീകരിച്ച വയറിങ്ങിനും ലൈറ്റുകള്‍ക്കും കേടുപാടുകളുണ്ടായി. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെടല്‍ അനിവാര്യമാണെന്നു ഹര്‍ജിയില്‍ വ്യക്തമാക്കി. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ നിരവധി അപകടങ്ങളുമുണ്ടാകുന്നു. ഈ സാഹചര്യത്തില്‍ കോടതി നിരീക്ഷകനെ വെച്ച് നിര്‍മ്മാണത്തിന്റെ് മേല്‍നോട്ടം ഏറ്റെടുക്കണം.

യാത്രാ ക്ലേശം പരിഹരിക്കാന്‍ ഒരു തുരങ്കപാതയെങ്കിലും അടിയന്തരമായി തുറക്കാന്‍ നടപടി വേണമെന്നും കെ രാജന്‍ ആവശ്യപ്പെടുന്നു. കുതിരാനില്‍ വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളില്‍ ആശങ്കയുണ്ടെന്നു കോടതി വ്യക്തമാക്കി.