തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ സ്ക്രീൻ പരിശോധനയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം ഒഴിവാക്കി ഉദ്യോഗസ്ഥർ. മന്ത്രിമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പരിശോധനയിൽ ഇളവുണ്ടാകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ അറിയിച്ചിരുന്നതാണ്. ഇസഡ്, ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവർക്കൊഴികെ ആർക്കും ഇളവില്ലെന്നായിരുന്നു അറിയിച്ചത്.
പരിശോധനയില്ലാതെ കടന്നുപോയ കടകംപള്ളിയുടെ വാഹനത്തിൽ ചട്ടം ലംഘിച്ച് കർട്ടൻ സ്ഥാപിച്ചിരുന്നു. എന്നാൽ വേഗത്തിൽ കടന്നുപോയ മന്ത്രിയുടെ വാഹനം പരിശോധിക്കാനായില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന വിശദീകരണം.
അതേസമയം സമാനമായി കർട്ടൻ ഇട്ടെത്തിയ തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടയുകയും പിഴ ചുമത്തുകയും ചെയ്തു. എന്നാൽ, മന്ത്രിമാർക്ക് വാഹനം അനുവദിക്കുന്നത് ടൂറിസം വകുപ്പാണെന്നും കർട്ടണും ഫിലിമും മാറ്റണമെന്ന് അവർക്ക് നിർദേശം നൽകിയിരുന്നതുമാണെന്ന് ജോയിന്റ് ട്രാഫിക് കമ്മീഷണർ രാജീവ് പുത്തലത്ത് പറഞ്ഞു.
എല്ലാ വാഹനങ്ങളും തടഞ്ഞുനിർത്തി പരിശോധിക്കുക അപ്രായോഗികമാണ്. പരമാവധി ഫോട്ടോയെടുത്ത് പിഴ ചുമത്തുകയാണ് ചെയ്യുന്നത്. മന്ത്രിയുടെ വാഹനത്തിൽ ഈ പറയുന്ന തരത്തിൽ കർട്ടൻ ഉണ്ടായിരുന്നില്ലെന്നും അതും നീക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിക്കൽ, കർട്ടൻ സ്ഥാപിക്കൽ എന്നിവ തടയുക എന്ന ഉദ്ദേശത്തോടെയാണ് ഓപ്പറേഷൻ സ്ക്രീൻ നടത്തുന്നത്. സംസ്ഥാന വ്യാപകമായി രണ്ടാഴ്ചത്തേക്കാണ് ഓപ്പറേഷൻ സ്ക്രീൻ നടപ്പിലാക്കുക. ആദ്യദിനമായതിനാൽ ബോധവത്കരണവും പിഴചുമത്തലും മാത്രമാണ് ഉണ്ടാവുക.
ഇനിമുതൽ ചട്ടം ലംഘിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകും.സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള കൂളിങ് ഫിലിമും കർട്ടനും വാഹനങ്ങളിൽ നിന്ന് നീക്കാൻ മോട്ടോർവാഹന വകുപ്പ് നടപടി തുടങ്ങിയത്.