തിരുവനന്തപുരം: ചില ഉപജാപക സംഘങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നുവെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. ജീവനക്കാരുമായി യുദ്ധത്തിനില്ലെന്നും ബിജു പ്രഭാകര്‍ ഫേസ്ബുക്ക് ലൈവില്‍ പറയുന്നു. ജീവനക്കാര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. താന്‍ പറഞ്ഞത് ആര്‍ക്കെങ്കിലും കൊണ്ടിട്ടുണ്ടെങ്കില്‍ അത് ഇവിടുത്തെ കാട്ടുകള്ളന്മാര്‍ക്കാണെന്നും ബിജു പ്രഭാകര്‍ പറയുന്നു. ചീഫ് ഓഫീസിലെ ചിലരെയാണ് താന്‍ തുറന്ന് കാണിച്ചത്.
കാസര്‍കോടുള്ള ജീവനക്കാരെ തിരുവനന്തപുരം പാപ്പനംകോടേയ്ക്ക് സ്ഥലം മാറ്റുന്നതില്‍ ആഹ്ളാദം കണ്ടെത്തുന്ന ചിലരെയാണ് താന്‍ ആക്ഷേപിച്ചതെന്നും നിലപാടില്‍ നിന്ന് പിന്മാറിലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ തന്നെ എംഡിയെ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് തുറന്ന് പറച്ചിൽ നടത്തിയതെന്നും സ്വിഫ്റ്റിൽ പിന്നോട്ടില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
കെഎസ്ആർടിസിയിലെ സാമ്പത്തിക ക്രമക്കേടിൽ എംഡി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യും. എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീകുമാറിന്റെ വിശദീകരണത്തിന് ശേഷമാകും തുടർ നടപടി. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ കെഎസ്ആർടിസിയുടെ 100 കോടി രൂപ കാണാതായ സംഭവത്തിൽ അന്നത്തെ അക്കൗണ്ട്സ് മനേജറും ഇന്നത്തെ എക്സിക്ട്ടീവ് ഡയറക്ടറുമായ ശ്രീകുമാറിന് വീഴ്ചയുണ്ടായെന്ന് വാർത്താസമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ വ്യക്തമാക്കിയിരുന്നു.
പുതിയ വാഹനം വാങ്ങുന്നതില്‍ എന്തിനാണ് എതിര്‍പ്പ്. സിഎന്‍ജി മാറ്റത്തെ എതിര്‍ക്കുന്നത് തെറ്റ്. താന്‍ തൊഴിലാളി വിരുദ്ധനല്ല. ചിലര്‍ക്ക് കാട്ടിലെ തടി തേവരുടെ ആന എന്ന നിലപാടാണ്. അവര്‍ക്ക് മറ്റ് പല പരിപാടികള്‍ ഉണ്ട്. ശമ്പളം സര്‍ക്കാരോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ കൊടുക്കും.
ഈ വണ്ടികൾ ഇങ്ങനെ പാഴായിക്കിടക്കുന്നതില്‍ കുറ്റബോധം ഇല്ല. 550ഓളം വാഹനങ്ങളാണ് വെറുതെ കിടക്കുന്നത്. മാറ്റങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് സ്ഥാപിത താല്‍പര്യമുള്ള ചിലരാണ്. അവര്‍ സംരക്ഷിക്കുന്നത് ജീവനക്കാരുടേയോ, ജനങ്ങളുടേയോ സര്‍ക്കാരിന്‍റേയോ താല്‍പര്യമല്ലെന്നും ബിജു പ്രഭാകര്‍ പറയുന്നു.