കിറ്റ് വിതരണത്തിന്റെ കമ്മിഷന്‍ ലഭിച്ചില്ല; തരാമെന്ന് പറഞ്ഞ പണമെങ്കിലും നല്‍കണം; പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ കമ്മിഷന്‍ ലഭിച്ചില്ലെന്ന പരാതിയുമായി റേഷന്‍ വ്യാപാരികള്‍. ഏപ്രില്‍മുതല്‍ സംസ്ഥാനത്ത് കിറ്റ് വിതരണം തുടങ്ങിയെങ്കിലും ഒരുമാസത്തെ കമ്മിഷന്‍ മാത്രമാണ് ഇതുവരെ വ്യാപാരികള്‍ക്ക് നല്‍കിയത്. ഇനിനെതിരേ വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമാകുകയാണ്.

ആദ്യ കിറ്റ് വിതരണം ചെയ്തതിന് മാത്രമാണ് പണം നല്‍കിയത്. ഒരു കിറ്റിന് ഏഴുരൂപ എന്ന കണക്കിനാണ് കമ്മിഷന്‍ നല്‍കുന്നത്. ഈ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.

തരാമെന്ന് പറഞ്ഞ പണമെങ്കിലും നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കാരണം പലരും വാടകയ്ക്ക് മുറികളെടുത്താണ് കിറ്റ് സൂക്ഷിക്കുന്നത്. ഇതിന് പുറമെ സ്പെഷ്യല്‍ അരിയും കടകളില്‍ കെട്ടി കിടക്കുകയാണ്. ബാക്കിവരുന്ന കിറ്റുകള്‍ ചിലയിടങ്ങളില്‍ വ്യാപാരികളുടെ ചിലവില്‍ തിരികെയെത്തിക്കേണ്ട സാഹചര്യം ഉണ്ടാകുന്നുവെന്നും ആരോപണമുണ്ട്.