മലബാര്‍ എക്‌സ്പ്രസ്സില്‍ തീപ്പിടിത്തം; യാത്രക്കാർ ചങ്ങല വലിച്ചു;ഒഴിവായത് വൻദുരന്തം

വർക്കല: മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം. എന്‍ജിന് പിന്നിലെ പാഴ്‌സല്‍ ബോഗിക്കാണ് തീപിടിച്ചത്. ഉടന്‍ തീയണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്നാണ് വിവരം. ആളപായമില്ല. രാവിലെ 7.45 ഓടുകൂടിയാണ് സംഭവം . ട്രെയിനില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തിര ഇടപെടല്‍ നടത്തിയതിനാലാണ് വന്‍ ദുരന്തം ഒഴിവാക്കാനായത്.

ട്രെയിനിലെ ജീവനക്കാരും നാട്ടുകാരും അടങ്ങുന്ന സംഘം തീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവില്‍ വര്‍ക്കല ഇടവയില്‍ ട്രെയിന്‍ പിടിച്ചിട്ടിരിക്കുകയാണ്. തീപിടുത്തം നിയന്ത്രണവിധേയമായെങ്കിലും തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല. പാഴ്‌സല്‍ ബോഗിയില്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തിയത്. യാത്രക്കാര്‍ ചങ്ങല വലിച്ച് തീ നിര്‍ത്തുകയായിരുന്നുവെന്നാണ് വിവരം.

ട്രെയിനിന്റെ എന്‍ജിന് പിന്നിലെ പാഴ്‌സല്‍ ബോഗിയിലാണ് തീപിടിച്ചത്. ഇതോടെ ട്രെയിനിലെ യാത്രക്കാരെ മാറ്റി. കൂടുതല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. വർക്കലയിൽ തീവണ്ടി നിർത്തിയിട്ടിരിക്കുകയാണ്.