തിരുവനന്തപുരം: മൂന്ന് വ്യവസായിക ഇടനാഴികൾക്കായി 50,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനവുമായി മന്ത്രി തോമസ് ഐസക്. കൊച്ചി- പാലക്കാട് വ്യവസായിക ഇടനാഴി, കൊച്ചി -മംഗലാപുരം വ്യവസായിക ഇടനാഴി, കാപ്പിറ്റൽ റീജ്യൻ ഡെവലപ്പ്മെന്റ് പ്രോഗ്രാം എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.
കൊച്ചി-പാലക്കാട് വ്യവസായിക ഇടനാഴയിൽ 10,000 കോടി രൂപയുടെ നിക്ഷേപമെത്തുമെന്നും 22,000 കോടി രൂപയുടെ തൊഴിലവസരം ഉണ്ടാവുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ഇതിനായി പാലക്കാടും കൊച്ചിയിലുമായി 2321 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. അതിനുള്ള ആദ്യ ഗഡുവായി 346 കോടി രൂപ കഴിഞ്ഞ ദിവസം കൈമാറി. കിഫ്ബിയിൽ നിന്നാണ് പണം അനുവദിക്കുക. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള സ്പെഷ്യൽ പർപസ് കമ്പനിയാണ് ഈ പ്രൊജക്ട് നടപ്പാക്കുക.
ആദ്യ ഘട്ടത്തിൽ തന്നെ ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആന്റ് ട്രേഡ് സിറ്റി, ഫിൻ ടെക്ക് സിറ്റി, ഹൈടെക്ക് സിറ്റി എന്നിവ അയ്യംപുഴയിലെ 220 ഹെക്ടർ സ്ഥലത്ത് സ്ഥാപിക്കും. ഈ വ്യവസായിക ഇടനാഴിയിൽ ആദ്യമായി പ്രവർത്തനക്ഷമമാവാൻ പോവുന്ന കേന്ദ്രം ഇതായിരിക്കും. ഇതിനായി 20 കോടി രൂപ ഇതിന് വകയിരുത്തി.
മലബാറിന്റെ വികസനം ലക്ഷ്യമിട്ടാണ് കൊച്ചി-മംഗലാപുരം വ്യാവസായിക ഇടനാഴി ഇടനാഴി. ഇതിന്റെ മാസ്റ്റർ പ്ലാൻ തയ്യാറായിട്ടില്ല. ഇതിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിന് സമീപം 5000 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയിൽ നിന്ന് 12,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കാപ്പിറ്റൽ സിറ്റി റീജ്യൻ ഡെവലപ്പ്മെന്റ് പ്രോഗ്രാമാണ് മൂന്നാമത്തേത്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖത്തോട് ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിന് കിഴക്ക് ഭാഗത്ത് കൂടി വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78 കിമി ദൈർഘ്യമുള്ള ആറ് വരി പാതയും അതിന് ഇരുവശങ്ങളിലുമായി 10,000 ഏക്കർ നോളജ് ഹബ്ബുകൾ, വ്യവസായ പാർക്കുകൾ വിനോദ കേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ എന്നിവയുടെ വമ്പൻ ശൃംഖലയും സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായുള്ള കമ്പനി രജിസ്റ്റർ ചെയത് കഴിഞ്ഞാൽ ഇതിന് 100 കോടി രൂപ വകയിരുത്തും.
50,000 കോടി മുടക്കുമുതൽ വരുന്ന മൂന്ന് വ്യവസായിക ഇടനാഴികളുടെ നിർമാണം 2021-22 വർഷങ്ങളിലായി ആരംഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.