ന്യൂഡെല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്കായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡെല്‍ഹിക്കു വിളിപ്പിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരോടാണ് ഡെല്‍ഹിയിലെത്താന്‍ നിര്‍ദേശിച്ചത്.
എന്‍സിപി നേതാവ് ശരത് പവാര്‍ 23ന് കേരളത്തിലെത്തുമ്പോള്‍ നടത്തുന്ന ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട നയവും ഡെല്‍ഹി ചര്‍ച്ചകളില്‍ ഉയര്‍ന്നേക്കും. പാലാ സീറ്റിന്റെ പേരില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരൻ മാസ്റ്ററും മാണി സി കാപ്പനും യുഡിഎഫിലേക്കു ചേക്കേറാന്‍ ശ്രമിക്കുന്നതിനോട് മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം യോജിക്കാത്ത സാഹചര്യത്തില്‍ പവാറിന്റെ കേരള സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
കോണ്‍ഗ്രസിന്റെ താത്കാലിക പ്രസിഡന്റായി തുടരുന്ന സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാവ് എ കെ ആന്റണി, സംസ്ഥാന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവരുമായി ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവര്‍ വിശദമായ ചര്‍ച്ച നടത്തും. താരിഖ് അന്‍വറും ഐവാന്‍ ഡയസ് അടക്കമുള്ള എഐസിസി പ്രതിനിധികളും, കേരളത്തിലെ സമുദായ നേതാക്കളും പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണു കേരള നേതാക്കളെ രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ഡെല്‍ഹിക്കു വിളിപ്പിച്ചത്.
തെരഞ്ഞെടുപ്പിനു മുമ്പായി യുഡിഎഫ്, കോണ്‍ഗ്രസ് നേതൃത്വങ്ങളിലും ഏതാനും ഡിസിസി നേതൃത്വങ്ങളിലും അഴിച്ചുപണി ആവശ്യമാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ഡെല്‍ഹി ചര്‍ച്ച നിര്‍ണായകമാണ്. ഡിസിസി പുനഃസംഘടനയ്ക്കുള്ള അന്തിമ പട്ടിക വൈകുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്.
സംസ്ഥാന, ജില്ലാ നേതൃത്വങ്ങളില്‍ അഴിച്ചുപണി വേണമെന്നാവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് സന്ദേശം അയച്ചിരുന്നു. പ്രഫ. കെ.വി. തോമസ് അടക്കമുള്ള ചില നേതാക്കളെ ഒതുക്കാന്‍ കേരളത്തിലെ ചില നേതാക്കള്‍ നടത്തുന്ന ശ്രമങ്ങളില്‍ സോണിയ ഗാന്ധി അതൃപ്തി അറിയിച്ചേക്കും.