തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര വളർച്ചാനിരക്ക് 6.49ൽ നിന്ന് 3.45 ശതമാനമായി കുറഞ്ഞു. സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക് നിയസഭയിൽ വെച്ചു.
പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളും കൊറോണയും സംസ്ഥാനത്തിന്റെ വളർച്ചാ നിരക്കിൽ പ്രതികൂല ഘടകമായെന്ന് റിപ്പോർട്ടിൽ പറയുന്നു. 2018-19 കാലത്ത് കേരളത്തിന്റെ ആഭ്യന്തര വളർച്ചാനിരക്ക് 6.49 % ആയിരുന്നു. ഇത് 2019-20 വർഷത്തിൽ 3.45 ശതമാനമായി ഇടിഞ്ഞു. 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ സമ്പദ് വ്യവസ്ഥ 26 ശതമാനം ചുരുങ്ങുമെന്നും റിപ്പോർട്ട് പറയുന്നു.
സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311.37 കോടി രൂപയായി ഉയർന്നു. ആഭ്യന്തര കടം 1,65,960.04 കോടിയായി വർധിച്ചു.
റവന്യൂ വരുമാനത്തിൽ 2,629 കോടിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. തനത് നികുതി വരുമാനത്തിലും കുറവുണ്ടായി. വിനോദ സഞ്ചാര മേഖലയ്ക്ക് 25,000 കോടി രൂപയുടെ നഷ്ടമാണ് കൊറോണ വരുത്തിയത്. 2020-ലെ ഒമ്പത് മാസത്തിനിടെയാണ് ഇത്രയും നഷ്ടമുണ്ടായത്. തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനമായി ഉയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊറോണ കാരണം ആഭ്യന്തര വരുമാനത്തിൽ 1.56 ലക്ഷം കോടിയുടെ ഇടിവുണ്ടായെന്ന് ധനമന്ത്രി പറഞ്ഞു. പ്രവാസികളുടെ മടങ്ങിവരവും തിരിച്ചടിയായി.
കാർഷിക മേഖലയിലും അനുബന്ധമേഖലയിലും തിരിച്ചടിയുണ്ടായി. വളർച്ചാനിരക്ക് നെഗറ്റീവായി തുടരുകയാണ്. അതേസമയം നെല്ലിന്റെ ഉത്പാദനം വർധിച്ചെന്നും റിപ്പോർട്ടിലുണ്ട്. 1.52 ശതമാനത്തിൽ നിന്ന് നെല്ലുത്പാദനം 5.42 ശതമാനമായി ഉയർന്നു. കര നെൽകൃഷി 46 ശതമാനമാണ് വർധിച്ചത്. പച്ചക്കറി ഉത്പാദനത്തിൽ 23 ശതമാനത്തിന്റെ വർധനവുണ്ട്. കാർഷിക വായ്പ 73,034 കോടി രൂപയായി ഉയർന്നിട്ടുണ്ട്.