പുല്ലുമേട് ദുരന്തത്തിന് ഇന്ന് പത്തുവയസ്സ്

വണ്ടിപ്പെരിയാർ: മകരവിളക്ക് കണ്ടുമടങ്ങുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് 102 അയ്യപ്പഭക്തന്മാർ മരിച്ച പുല്ലുമേട് ദുരന്തത്തിന് ഇന്ന് പത്തുവയസ്സ്. 2011 ജനുവരി 14-ന് രാത്രി എട്ടുമണിയോടെയാണ് ദുരന്തമുണ്ടായത്‌. തമിഴ്നാട്ടിൽനിന്നുള്ള 39 പേരും കർണാടകത്തിൽനിന്നുള്ള 31 പേരും ആന്ധ്രാ പ്രദേശിൽനിന്നുള്ള 26 പേരും മലയാളികളായ മൂന്നുപേരും ശ്രീലങ്കയിൽനിന്നുള്ള ഒരാളുമാണ് മരിച്ചത്.

തിക്കിലുംതിരക്കിലുംപെട്ടും നിലത്തുവീണും ചവിട്ടേറ്റുമാണ് എല്ലാവരും മരിച്ചത്. വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിലും ഹൃദയത്തിലും തറച്ചതാണ് ഏറെപ്പേരുടെയും മരണത്തിന് കാരണമായത്. രണ്ടുലക്ഷത്തോളം ആളുകൾ അന്ന് പുല്ലുമേട്ടിൽ ഉണ്ടായിരുന്നതായാണ് കണക്ക്. വണ്ടിപ്പെരിയാറിൽനിന്ന്‌ 29 കിലോമീറ്റർ അകലെയാണ് പുല്ലുമേട്.

പോലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി. എസ്.സുരേന്ദ്രനായിരുന്നു അന്വേഷണ ചുമതല. സംഭവത്തിൽ ആരെയും പ്രതി ചേർത്തിട്ടില്ല. വിവിധ സർക്കാർ വകുപ്പുകൾ നടത്തിയ ഗുരുതരവീഴ്ചകൾ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും തുടർന്ന് ജസ്റ്റിസ് എൻ.ആർ.ഹരിഹരൻ നായർ നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ആവശ്യത്തിന്‌ പോലീസുകാരില്ലാത്തതും വെളിച്ചമില്ലാത്തതും അപകടത്തിന്റെ ആക്കം കൂട്ടിയിരുന്നു.

വാഹനങ്ങൾ പ്രവേശിക്കാതെയിരിക്കാൻ റോഡിന് കുറുകെ സ്ഥാപിച്ച ഇരുമ്പുചങ്ങലയിൽ ആദ്യമെത്തിയവർ തട്ടിവീണതാണ് അപകടത്തിന് തുടക്കമായത്. പിന്നലെയെത്തിയവർ ഈ തിക്കിലും തിരക്കിലുംപെട്ടു. അപകടം നടന്ന സ്ഥലത്ത് ഭക്തരുടെ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്തിരുന്നു. ഭക്തർക്കൊപ്പം വാഹനങ്ങളും കൂട്ടത്തോടെ എത്തിയത് പോലീസിന്‌ നിയന്ത്രിക്കാനായില്ലെന്നും അന്വേഷണ റിപ്പോർട്ടുകളിൽ പറയുന്നു.