തിരുവനന്തപുരം: കെവിൻ കൊലകേസ് പ്രതിയെ ജയിലുദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കും. പൂജപ്പുര സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരുടെ മർദ്ദനത്തിനിരയായ ടിറ്റു ജെറോം തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ ചികിൽസയിലാണ്.
സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് ജെറോം നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തിയത്. മർദ്ദനത്തിനിരയായ ടിറ്റു ജെറോമിന്റെ മൊഴി ഹൈക്കോടതി നിർദ്ദേശ പ്രകാരം മജിസ്ട്രേറ്റ് രേഖപ്പെടുത്തി. സംഭവം സംബന്ധിച്ച് ജയിൽ ഡിഐജിയുടെ റിപ്പോർട്ട് തളളിയ ഹൈക്കോടതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ ശാസിക്കുകയും ചെയ്തു.
സംഭവം സംബന്ധിച്ച് ഉന്നത ജയിൽ ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി തളളി. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാതെയുളള റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. തടവുകാരനെ മർദ്ദിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായി സർക്കാരും അറിയിച്ചു.
സർക്കാർ നിലപാടിലും അതൃപ്തി രേഖപ്പെടുത്തിയ കോടതി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്ന് നിരീക്ഷിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസിലുളള യുവാവിനെ കാണാൻ മാതാപിതാക്കൾക്ക് ഹൈക്കോടതി അരമണിക്കൂർ സമയം അനുവദിച്ചെങ്കിലും സുരക്ഷാച്ചുമതലയുളള പൊലീസുകാർ അനുവദിച്ചില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട കോടതി സിറ്റി പൊലീസ് കമ്മീഷണറെ ഓൺലൈനായി വിളിച്ച് വരുത്തി താക്കീത് ചെയ്തു.