കോഴിക്കോട്: മേയറുടെ ഔദ്യോഗിക വസതിയുടെ നിര്‍മ്മാണച്ചെലവ് സംബന്ധിച്ച ചര്‍ച്ചകള്‍ തലസ്ഥാനത്ത് ചൂടുപിടിക്കുമ്പോൾ കോഴിക്കോട്ട് ഇത്തരം വിവാദങ്ങളില്ല. മേയർക്ക് ഔദ്യോഗിക വസതിയുള്ള ഏക കോർപ്പറേഷനാണ് കോഴിക്കോട്. മേയർ ബീന ഫിലിപ്പ് ഔദ്യോഗിക വസതിയിലേക്ക് താമസം മാറാനുള്ള തയ്യാറെടുപ്പിലാണ്.
നഗരത്തിന്‍റെ തിരക്കൊന്നുമില്ലാത്ത ശാന്തമായ ബംഗ്ലാവ്. പഴമയുടെ സൗന്ദര്യമുള്ള പ്രൗഢമായ കെട്ടിടം. മുറ്റത്ത് പടർന്ന് നിൽക്കുന്ന മരങ്ങൾ. ഇത് കോഴിക്കോട് മേയറുടെ സ്വന്തം വസതി. വർഷങ്ങളുടെ പഴക്കമുണ്ട് കെട്ടിടത്തിന്. അഞ്ച് പതിറ്റാണ്ട് മുമ്പ് പ്രമുഖ ഗുജറാത്തി വ്യവസായി സേഠ് നാഗ്ജിയില്‍ നിന്ന് കോർപ്പറേഷന്‍ വാങ്ങിയതാണ് കെട്ടിടം.
അന്ന് മേയർ പി.കുട്ടികൃഷ്ണൻ നായർ. പിന്നീട് ഇങ്ങോട്ട് കോഴിക്കോട് നഗരത്തെ നയിച്ചവരില്‍ പലരും ഭരണചക്രം തിരിച്ചത് ഇവിടെ ഇരുന്ന്. നഗരമധ്യത്തിൽ സ്വന്തം വീടുള്ള മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഇവിടെ താമസിച്ചിരുന്നില്ല. പുതിയ മേയർ ബീനഫിലിപ്പ് എത്രയും പെട്ടെന്ന് ഇവിടേക്ക് താമസം മാറും.
ഒരേക്കർ മുപ്പത് സെന്‍റ് സ്ഥലത്താണ് മേയർ ഭവൻ. പൊതുജനങ്ങളുടെ പരാതി കേൾക്കാൻ കോർപ്പറേഷനോട് ചേർന്ന് മേയർ ഉണ്ടാകണം എന്ന അഭിപ്രായമാണ് മേയർ ഭവന്‍റെ പിറവിക്ക് പിന്നിൽ.