പ്രായപൂർത്തിയാകാത്ത മകനെ അമ്മ പീഡിപ്പിച്ചെന്ന പോക്സോ കേസ്; യുവതിയുടെ കുടുംബം നിയമനടപടിക്ക്

തിരുവനന്തപുരം: കടയ്ക്കാവൂരിൽ പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് രജിസ്റ്റ‍ർ‍ ചെയ്ത പോക്സോ കേസിനെതിരെ യുവതിയുടെ കുടുംബം നിയമനടപടിക്ക് ഒരുങ്ങുന്നു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകും.

പതിനാലുകാരനെ അമ്മ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്നാണ് യുവതിയുടെ കുടുംബം വ്യക്തമാക്കുന്നത്. കേസിൽ സമഗ്രമായ അന്വേഷണം വേണമെന്നും മകൾക്കെതിരായ ആരോപണം കള്ളമാണെന്നും യുവതിയുടെ അമ്മ പറഞ്ഞു. പതിനാലുകാരനായ സഹോദരനെ അച്ഛൻ മർദ്ദിച്ച് അമ്മയ്ക്കെതിരെ പറയിച്ചതാണെന്ന് ഇളയ മകൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

അച്ഛൻ തങ്ങളെ മർദ്ദിക്കുമായിരുന്നെന്നും കേസിൽ കുടുക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും ആണ് ഇളയ മകന്റെ മൊഴി. വിവാഹ ബന്ധം വേർപെടുത്താതെ യുവതിയുടെ ഭർത്താവ് രണ്ടാം വിവാഹം കഴിക്കാൻ ശ്രമിച്ചു. ഇതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് നിലവിലെ കള്ളക്കേസിന് പിന്നിൽ എന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി.