കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ അഞ്ചുപേരെ വിചാരണ പൂർത്തിയാക്കും വരെ പുറം ലോകം കാണിക്കില്ല. മാപ്പുസാക്ഷികളെ വിചാരണ കഴിയും വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണു ചട്ടം. കേസിൽ നാലാംപ്രതി സന്ദീപ് നായർക്കു പുറമേ 4 പ്രതികളെക്കൂടി മാപ്പുസാക്ഷികളാക്കാനാണ് എൻഐഎയുടെ നീക്കം.
സന്ദീപ് നായർ ഒഴികെ മറ്റാരെല്ലാമാണു മാപ്പുസാക്ഷികളെന്ന വിവരം ഇതുവരെ എൻഐഎ പുറത്തുവിട്ടിട്ടില്ല. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കാളിത്തം കുറവുള്ളതും എന്നാൽ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ അറിയാവുന്നതുമായ പ്രതികളെയാണു മാപ്പുസാക്ഷികളാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനു ശുപാർശ ചെയ്യാവുന്നത്.
കുറ്റകൃത്യത്തിൽ മുഖ്യപങ്കാളിത്തമുള്ളവരെ മാപ്പുസാക്ഷികളാക്കാൻ കോടതികൾ അനുവദിക്കാറില്ല. കേസിൽ അറസ്റ്റിലായ 21 പ്രതികളിൽ 20 പേർക്കെതിരെ ചുമത്തിയ യുഎപിഎ തെളിയിക്കാനാണു കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ 5 പേരെ മാപ്പുസാക്ഷികളാക്കി വിചാരണ തുടങ്ങാൻ എൻഐഎ ഒരുങ്ങുന്നത്.
കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത ആദ്യ പ്രതിയായ സ്വപ്ന സുരേഷ് റിമാൻഡിലായി 180 ദിവസം പിന്നിടും മുൻപാണ് 20 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഇതുവരെ 31 പ്രതികൾക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.