നിയമസഭാ ചട്ടങ്ങളെ ദുർവ്യാഖാനം ചെയ്‌ത് നിയമവ്യവസ്ഥയെ അട്ടിമറിക്കാൻ സ്പീക്കറുടെ ശ്രമം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമ വ്യവസ്ഥ പരിപാലിക്കാൻ ബാദ്ധ്യസ്ഥനായ സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ സ്വന്തം മുഖം രക്ഷിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങളെ ദുർവ്യാഖാനം ചെയ്‌ത് നിയമ വ്യവസ്ഥയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌പീക്കറുടെ ​ശ്രമം അന്വേഷണം അട്ടിമറിക്കാനാണെന്നും ചെന്നിത്തല ആരോപിച്ചു.

തനിക്ക് ഭയമില്ലെന്നാണ് സ്‌പീക്കർ പത്രസമ്മേളനത്തിൽ പറയുന്നത്. ഭയമില്ലെങ്കിൽ പിന്നെ എന്തിനാണ് തന്റെ പേഴ്‌സണൽ സ്റ്റാഫിനെ ചോദ്യം ചെയ്യുന്നത് തടസപ്പെടുത്താൻ സ്‌പീക്കർ ശ്രമിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. സ്‌പീക്കർക്ക് ഒന്നും മറച്ചു വയ്‌ക്കാനില്ലെങ്കിൽ അന്വേഷണവുമായി സഹകരിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടു വരാനല്ലേ അദ്ദേഹം ശ്രമിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

നേരത്തെ ലൈഫ് മിഷനിലെ അഴിമതി അന്വേഷിക്കുന്നതിന്റെ ഭാഗമായി ചില ഫയലുകൾ ഇ ഡി ആവശ്യപ്പെട്ടപ്പോൾ നിയമസയുടെ പ്രിവിലേജ് കമ്മിറ്റിയെ ദുരുപയോഗപ്പെടുത്തി അത് തടയാനുളള ശ്രമമുണ്ടായി. അന്ന് എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റിയുടെ യോഗം അസാധാരണമായി പ്രീപോൺഡ് ചെയ്‌ത് വിളിച്ചാണ് ആ പ്രശ്‌നത്തിൽ നടപടി സ്വീകരിച്ചത്. ആ അട്ടിമറി ശ്രമത്തിന്റെ തുടർച്ചയായി വേണം ഇപ്പോഴത്തെ നീക്കത്തെയും കാണാനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഡോളർ കടത്ത് പോലുളള ഹീനമായ ഒരു കേസിന്റെ അന്വേഷണത്തെയാണ് സ്‌പീക്കറും അദ്ദേഹത്തിന്റെ ഓഫീസും തടസപ്പെടുത്താൻ ശ്രമിക്കുന്നതെന്നത് ഗൗരവമേറിയ കാര്യമാണ്. നിയമസഭാ സമാജികർക്കുളള ഭരണഘടനാ പ്രകാരമുളള പരിരക്ഷ അവരുടെ സ്റ്റാഫിനും ലഭിക്കുമെന്ന സ്‌പീക്കറുടേയും സ്‌പീക്കറുടെ ഓഫീസിന്റേയും നിലപാട് സ്വാഗതാർഹമല്ല. കേരള നിയമസഭയിൽ തന്നെ ഇതുസംബന്ധിച്ച് മുമ്പ് റൂളിംഗ് ഉണ്ടായിട്ടുളളതായും ചെന്നിത്തല ചൂണ്ടിക്കാട്ടി.

1970കളിൽ സർക്കാർ ജീവനക്കാരുടെ സമരത്തിനോടനുബന്ധിച്ച് നിയമസഭാ വളപ്പിൽ നിന്ന് ചില ജീവനക്കാരെ അറസ്റ്റ് ചെയ്ത സംഭവം പ്രവിലേജിന്റെ പരിധിയിൽ വരികയില്ലെന്ന് അന്നത്തെ നിയമസഭാ സ്‌പീക്കർ റൂളിംഗ് നൽകിയിട്ടുണ്ട്. നിയമസഭാ സമാജികർക്കുളള പരിരക്ഷ അല്ലാത്തവർക്ക് ലഭിക്കുകയില്ലെന്നാണ് സ്പീക്കറുടെ റൂളിംഗ്. അത് ഇപ്പോഴും നിലനിൽക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.