പ്രൈസ് വാട്ടർ കൂപ്പേഴ്സിനുളള വിലക്ക്; സർക്കാർ നടപടി നാലാഴ്‍ചത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: പ്രൈസ് വാട്ടർ കൂപ്പേഴ്സിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിക്കുള്ള സ്റ്റേ നാലാഴ്‍ചത്തേക്ക് കൂടി ഹൈക്കോടതി നീട്ടി. കേസ് ഫെബ്രുവരി മൂന്നിന് വീണ്ടും പരിഗണിക്കും. തങ്ങളെ കേൾക്കാതെയാണ് സർക്കാരിന്‍റെ തീരുമാനമെന്ന പിഡബ്യൂസിയു‍ടെ വാദം അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്.

ഐടി വകുപ്പിന് കീഴിലുളള സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിന്‍റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പിഡബ്യൂസിയെ വിലക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ സ്വപ്ന സുരേഷിന്‍റെ നിയമനം പ്രത്യേകമായി പറയാതെ യോഗ്യതയില്ലാത്തവരെ നിയമിച്ചെന്ന കാരണം പറഞ്ഞാണ് സർക്കാർ നടപടിയെടുത്തത്.

കെ ഫോൺ പദ്ധതിയിൽ നിന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. സർക്കാർ നടപടി ഏകപക്ഷീയമാണ് എന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ.