തിരുവനന്തപുരം: കവി
നീലംപേരൂർ മധുസൂദനൻ നായർ (84) അന്തരിച്ചു. പട്ടം എസ് യുടി ആശുപത്രിയിൽ 8.15നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു.
2000ല്‍ ചമത എന്ന കാവ്യഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃനിരയിൽ മധുസൂദനൻ നായർ സജീവമായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, അബുദാബി ശക്തി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചമത, പാഴ്കിണർ, സൂര്യനിൽ നിന്നൊരാൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
1936 മാർച്ച് 25 ന് കുട്ടനാട്ടിൽ നീലമ്പേരൂർ വില്ലേജിൽ മാധവൻപിള്ളയുടെയും പാർവതിയമ്മയുടെയും മകനായി ജനിച്ചു. ഗണിതശാസ്ത്രത്തിൽ ബിരുദവും സ്ഥിതിവിവരഗണിതത്തിൽ മാസ്റ്റർ ബിരുദവും നേടി. വ്യവസായ വകുപ്പിൽ റിസർച്ച് ഓഫീസറായി.
കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായിരുന്നു. എംഗൽസിന്റെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. സ്നേഹപൂർവ്വം മീര എന്ന സിനിമക്കായി ഗാനങ്ങളും രചിച്ചു. മൗസലപർവ്വം എന്ന കാവ്യഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ കനകശ്രീ പുരസ്കാരം (1991), പാഴ്കിണർ എന്ന കാവ്യഗ്രന്ഥത്തിന് മൂലൂർ സ്മാരക പുരസ്കാരം (1998), കിളിയും മൊഴിയും എന്ന ബാലകവിതാ ഗ്രന്ഥത്തിന് സംസ്ഥാന ബാലസാഹിത്യ പുരസ്കാരം (1998) എന്നിവ ലഭിച്ചു.
സെക്രട്ടറിയേറ്റ് വ്യവസായ വാണിജ്യവകുപ്പിൽ ജോയിന്റ് ഡയറക്ടറായി വിരമിച്ചു. ഭാര്യ: കെ എൽ രുഗ്മിണി ദേവി. മക്കൾ: എം ദീപുകുമാർ, എം ഇന്ദുലേഖ.