ഇന്ന് പാല് ഇല്ല; ഞങ്ങൾ ആത്മഹത്യ ചെയ്യുന്നു; നാടിനെ നടുക്കി സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത കുടുംബത്തിൻ്റെ കുറിപ്പ്

പെരുമ്പാവൂർ: ഇന്ന് പാല് ഇല്ല, ഞങ്ങൾ ആത്മഹത്യ ചെയ്യുന്നു…. സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത ചേലാമറ്റം പാറപ്പുറത്തു കുടി ബിജുവിൻ്റെ ആത്മഹത്യ കുറിപ്പാണ് ഇത്. ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് ബിജുവിനേയും കുടുംബത്തേയും മരിച്ച നിലയിൽ കണ്ടെത്തിയത്.

പാല് വാങ്ങാനെത്തിയ അയൽവാസിയായ സ്ത്രീയാണ് സംഭവം ആദ്യം അറിഞ്ഞത്. ഏറെ നേരം വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല. പിന്നീടാണ് ആത്മഹത്യ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടത്. പാൽ കുപ്പിക്കടിയിലായിരുന്നു ആത്മഹത്യ കുറിപ്പ്. ബിജു ചിട്ടി നടത്തിയിരുന്നു. ചിട്ടിപ്പണം പലിശക്ക് മറിച്ച് നൽകിയതാണ് വിനയായത്. പണം തിരികെ ലഭിക്കാതായതോടെ വലിയ സാമ്പത്തീക ബാധ്യതയായി.

കുടുംബത്തിലെ നാല് അംഗങ്ങളെയാണ് വിട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഇദ്ദേഹത്തിൻ്റെ ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നീ വരാണ് മരിച്ചത്. 

മക്കൾ 2 പേരും  ഹാളിലും, ബിജുവും ഭാര്യയും കിടപ്പ് മുറിയിലുമാണ്  മരിച്ചു കിടന്നത്.  ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി.