ന്യൂഡെൽഹി: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഷഗീൻബാഗിൽ വെടിവയ്പ് നടത്തിയ കപിൽ ഗുർജർ ബിജെപിയിൽ ചേർന്നു. വെടിവയ്പ് കേസിൽ പ്രതിയാണെന്ന് അറിഞ്ഞതോടെ അംഗത്വം നൽകി മണിക്കൂറുകൾക്കുള്ളിൽ ഗുർജറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഗാസിയാബാദിൽ നടന്ന ചടങ്ങിലാണ് കപിൽ ഗുർജറിന് ബിജെപി അംഗത്വം നൽകിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കപിൽ ഗുർജർ ഷഹീൻബാഗിൽ വെടിവയ്പ് നടത്തിയത്. സമരപന്തലിന് സമീപമെത്തിയ ഗുർജർ ആകാശത്തേയ്ക്ക് രണ്ട് തവണ വെടിയുതിർത്തു. പ്രദേശത്തുണ്ടായിരുന്ന പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. താനും പിതാവ് ഗജേ സിങ്ങും 2019 മുതൽ ആം ആദ്മി പാർട്ടി പ്രവർത്തകരാണെന്ന് പൊലീസിന്റെ ചോദ്യംചെയ്യലിനിടെ കപിൽ ഗുർജർ പറഞ്ഞിരുന്നു.
ഷഹീൻബാഗ് വെടിവയ്പ്പുമായി കപിൽ ഗുർജറിന് ബന്ധമുള്ളതായി അറിയില്ലായിരുന്നുവെന്ന് ഗാസിയാബാദ് ബിജെപി അധ്യക്ഷൻ സഞ്ജീവ് ശർമ പറഞ്ഞു. ബിജെപി ഹിന്ദുത്വത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനാലാണ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ഗുർജർ പറഞ്ഞിരുന്നു.