തിരുവനന്തപുരം: മാതാപിതാക്കളെ അടക്കം ചെയ്ത മണ്ണിൽ ജീവിക്കാൻ അനുവദിക്കണമെന്ന് നെയ്യാറ്റിൻകരയിൽ മരിച്ച രാജന്റേയും അമ്പിളിയുടേയും മകൻ രാഹുൽ രാജ്. അച്ഛന്റേയും അമ്മയുടേയും മരണത്തിന് കാരണക്കാരിയായ വസന്തയ്ക്കെതിരെയും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണം. സർക്കാർ ജോലി പ്രതീക്ഷിക്കുന്നുണ്ട്. തങ്ങൾക്ക് സംഭവിച്ച ഈ ദുരവസ്ഥ കേരളത്തിലെ മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നും രാഹുൽ രാജ് പറഞ്ഞു.
അതിനിടെ രാഹുലിന്റെ സഹോദരൻ രഞ്ജിത്ത് രാജിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഞ്ജിത്തിന് ആദ്യം നെഞ്ചുവേദനയാണ് അനുഭവപ്പെട്ടത്. തുടർന്ന് ബോധരഹിതനാകുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ സമീപവാസികൾ ചേർന്ന് പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. രഞ്ജിത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധുക്കൾ പറഞ്ഞു.
അതിനിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ മുഖ്യമന്ത്രിക്ക് ഇന്ന് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് നല്‍കും. കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയിൽ അടിയന്തരമായി എന്ത് നടപടിയെടുക്കാനാവുമെന്നതിന്റെ പ്രാഥമിക റിപ്പോർട്ടാണ് നൽകുക.
ഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതിനാൽ വീടുവച്ചു നൽകുന്നത് അടക്കമുളള കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമുണ്ടെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ റൂറൽ എസ്പിയുടെ റിപ്പോർട്ടും ഇന്നുണ്ടായേക്കും.
രാജന്റെയും അമ്പിളിയുടെയും മരണത്തിന് കാരണം പൊലീസും അയല്‍വാസിയുമെന്നാണ് മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും പരാതി. വീടൊഴിപ്പിക്കല്‍ ശ്രമത്തിനിടെയാണ് മക്കളുടെ കണ്മുന്നില് നെയ്യാറ്റികര സ്വദേശികളായ രാജനും അമ്പിളിയും കത്തിയമര്‍ന്നത്. കോടതി നടപടിക്കെത്തിയ പൊലീസുകാരാണ് അപകടം ഉണ്ടാക്കിയതെന്നാണ് മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും മൊഴി.
അയല്‍വാസിയായ വസന്തയാണ് ഇതിന് പിന്നിലെന്നും ആരോപണം ഉണ്ട്. അമ്പിളിയുടെ മൃതദേഹവുമായി പ്രതിഷേധിച്ച മക്കള്‍ക്കും നാട്ടുകാര്‍ക്കും കളക്ടര്‍ പ്രശ്നപരിഹാരം ഉറപ്പ് നല്‍കിയിരുന്നു. കുട്ടികളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, സ്വന്തമായി ഭൂമിയും വീടും നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ നാട്ടുകാരും ഉന്നയിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണവും
പുരോഗമിക്കുകയാണ്. റൂറല്‍ എസ്പി ബിഅശോക് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടർന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചതോടെ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു.രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് പിന്മാറാനായിരുന്നു താൻ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജൻ പ്രതികരിച്ചിരുന്നു. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. തുടർന്ന് രാജൻ മരണപ്പെട്ടു. ഇതിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.