പത്തനംതിട്ട: കർശന നിയന്ത്രണങ്ങളെ തുടർന്ന് ശബരിമലയിലെ വരുമാനത്തിൽ വൻ ഇടിവ് വന്നതായി റിപ്പോർട്ട്. കഴിഞ്ഞ മണ്ഡലകാലത്ത് ഡിസംബർ 24 വരെ ശബരിമലയിൽ 156.60 കോടി രൂപയായിരുന്നു വരുമാനമായി ലഭിച്ചത്. എന്നാൽ ഈ വർഷം അത് 9,09,14,893 രൂപയായി ചുരുങ്ങി. കൊറോണ വൈറസ്ബാധയെ തുടർന്ന് സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിതാണ് വരുമാനം കുറയാൻ കാരണം.
ശബരിമലയിൽ ദൈനം ദിന പ്രവർത്തനങ്ങൾക്കായി ഒരു ദിവസം ബോർഡിന് വേണ്ടത് 50 ലക്ഷത്തിൽപ്പരം രൂപയാണ്. 19 ദിവസത്തെ നടത്തിപ്പിനുള്ള വരുമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടയിൽ സംസ്ഥാന സർക്കാർ നൽകിയ 50 കോടി രൂപ കൊണ്ടാണ് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് ദേവസ്വംബോർഡ് പറയുന്നത്.
കൊറോണ നിയന്ത്രണങ്ങളെതുടർന്ന് മണ്ഡലകാലത്ത് ഇതുവരെ ദർശനം നടത്തിയത് 71,706 പേർ മാത്രമാണ്. തീർത്ഥാടന കാലയളവിൽ ഇതുവരെ 390 പേർക്കാണ് കൊറോണ ബാധിച്ചത്. ഇതിൽ 289 പേർ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ്. സുപ്രീം കോടതി വിധി വരുന്നത് വരെ ഹൈക്കോടതി വിധി പ്രകാരം 5000 പേർക്ക് ദർശനം നൽകുമെന്നും ദേവസ്വംബോർഡ് അറിയിച്ചു.