കാസര്‍കോട്: മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവര്ത്തകന് അബ്ദുല്‍ റഹ്മാന് ഔഫിന്റെ ഖബറടക്കത്തിന് പിന്നാലെ കാഞ്ഞങ്ങാട് സംഘര്‍ഷം. കാഞ്ഞങ്ങാട് കല്ലൂരാവി മേഖലയിൽ ഇന്നലെ രാത്രി ലീഗ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകർത്തു.
സംഘര്‍ഷം നടന്നിടത്ത് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചാണ് ആളുകളെ പിരിച്ചുവിട്ടത്. അതേസമയം കേസിലെ മുഖ്യപ്രതിയായ യൂത്ത് ലീഗ് പ്രാദേശിക നേതാവ് ഇർഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് കൊലപാതകം മുസ്ലിം സംഘടനകൾക്കിടയിൽ രാഷ്ട്രീയ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്.
ഔഫിൻ്റെ കൊലപാതകത്തിൽ ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം എ.പി അബൂബക്കർ മുസലിയാർ തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. കേരളത്തിൽ തീവ്രവാദം വളർത്തുന്നതിൽ മുസ്ലിം ലീഗിന് സുപ്രധാന പങ്കുണ്ടെന്ന് എ പി വിഭാഗം മുഖപത്രം ഇന്ന് കുറ്റപ്പെടുത്തി. ഇസ്ളാമിന്റെ പേരിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് അഡ്രസ് ഉണ്ടാക്കി കൊടുക്കുന്നത് ലീഗ് ആണെന്നും കാന്തപുരം വിഭാഗം ആരോപിക്കുന്നു.
ബുധനാഴ്ച രാത്രിയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് എന്ന അബ്ദുൾ റഹ്മാനെ മുസ്ലീം ലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. 27 വയസായിരുന്നു.