നാടുനീളെ നിശാപാർട്ടികൾ; വാഗമണിൽ പിടിയിലായ മോഡൽ നിരവധിപേരെ പാർട്ടികളിൽ എത്തിച്ചു; അന്വേഷണം സിനിമ- സീരിയൽ മേഖലയിലേക്കും

ഇടുക്കി: വാഗമണിൽ നിശാപാർട്ടി നടക്കുന്നിടത്ത് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ കേസിൽ അന്വേഷണം സിനിമ – സീരിയൽ മേഖലകളിലേക്കും. പിടിയിലായ മോഡൽ നിരവധി പേരെ പാർട്ടികളിലേക്ക് എത്തിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇവർക്ക് സിനിമ – സീരിയൽ മേഖലകളിലുള്ളവരുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഏഴ് തരം ലഹരിമരുന്നുകളാണ് വാഗമണിൽ നിന്ന് പിടിച്ചെടുത്തത്. കൊച്ചി വഴിയിലാണ് ലഹരിമരുന്ന് വാഗമണിൽ എത്തിച്ചതെന്നാണ് സൂചന.

വാഗമണിലെ നിശാപാര്‍ട്ടിക്ക് നേതൃത്വം കൊടുത്തവര്‍ ഇതേരീതിയിൽ കൊച്ചി, വയനാട് തുടങ്ങി പത്തിലധികം സ്ഥലങ്ങളിൽ പാർട്ടി നടത്തിയതായി നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഘത്തിന്റെ ബുദ്ധികേന്ദ്രം പിടിയിലായ സൽമാനും നബീലുമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സൽമാനും നബീലും ചേര്‍ന്നാണ് വിവിധ ഇടങ്ങളിൽ നിശാപാര്‍ട്ടി സംഘടിപ്പിച്ചത്.

സംഘത്തിന് മയക്കുമരുന്ന് എത്തിക്കുന്നത് തൊടുപുഴ സ്വദേശി അജ്മലാണ്. സംഘത്തിൽ കൊച്ചി സ്വദേശിയായ മോഡലും ഉണ്ട്. ഇവർ വഴിയാണ് സിനിമാ മേഖലയിലേക്കുള്ള ബന്ധം. പ്രതികൾക്ക് അന്തർ സംസ്ഥാന ലഹരിമരുന്ന് റാക്കറ്റ് സംഘങ്ങളുമായി ബന്ധമുണ്ടായിയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ബെംഗ്ലൂരിവിൽ നിന്ന് ആരാണ് ലഹരിമരുന്ന് ഇവർക്ക് നൽകിയിരുന്നതെന്നും കണ്ടെത്തും.