കോഴിക്കോട്: ഷിഗെല്ല രോഗവ്യാപനത്തിന്റെ ഉറവിടമറിയാന്‍ തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക സംഘം കോഴിക്കോട് എത്തി.
കോഴിക്കോട് കോര്പ്പറേഷന് പരിധിയിലുള്ള കോട്ടാംപറമ്പ് മേഖലയിലാണ് ഷിഗെല്ല രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രോഗവ്യാപനം നിയന്ത്രണ വിധേയമാണെങ്കിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നിന്നുള്ള പ്രത്യേക സംഘം ഇവിടെ എത്തിയത്.
നാല് ദിവസത്തോളം മെഡിക്കല്‍ സംഘം ഈ മേഖലയില്‍ തുടരും. ഒരാഴ്ചക്കുള്ളില്‍ പഠന റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് സമര്‍പ്പിക്കും. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗവും മേഖലയില്‍ പഠനം നടത്തുന്നുണ്ട്. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം ഡി.എം.ഒയ്ക്ക് സമര്‍പ്പിക്കും.
വെള്ളത്തിലൂടെയാണ് രോഗവ്യാപനമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പ്രദേശത്തെ മുന്നൂറോളം കിണറുകള്‍ ശുചീകരിച്ചിട്ടുണ്ട്. ഇവിടെ ഒരു മരണമുള്‍പ്പെടെ ആറ് പേര്‍ക്കാണ് ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തത്.