കോൺഗ്രസിന്റെ കാര്യത്തിൽ ലീഗ് ഇടപെട്ടിട്ടില്ല; മുഖ്യമന്ത്രിയുടെ നിലവാരം ഇല്ലായ്മയാണ് പിണറായി പറയുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസിന്റെ കാര്യത്തിൽ മുസ്ലിം ലീഗ് ഇടപെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് കേരളത്തിലെ ജനം മനസിലാക്കും. ശരിയായ രീതിയിൽ ജനം ഇതിന് മറുപടി നൽകും. ഇത് ചീപ്പായിപ്പോയി. മുഖ്യമന്ത്രിയുടെ നിലവാരം ഇല്ലായ്മയാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ചെയ്യാൻ പാടില്ലാത്തതാണ് ഇതെന്നും രമേശ് ചെന്നിത്തല.

ഞങ്ങളുടെ മുന്നണികാര്യം ഞങ്ങൾ തീരുമാനിച്ചോളാം പിണറായിയുടെ ഉപദേശം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ വിജയത്തിൽ അഹങ്കരിച്ചിട്ടില്ല. അഹങ്കരിക്കുന്ന മുഖ്യമന്ത്രിയെയും മുന്നണിയെയുമാണ് കാണുന്നതെന്നും അദ്ദേഹം യുഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതായി രമേശ് ചെന്നിത്തല. വർധിത വീര്യത്തോടെ പോരാടും. പാളിച്ചകൾ പരിശോധിക്കും. ഈ തെരഞ്ഞെടുപ്പിലെ നേരിയ വിജയം കൊണ്ട് സർക്കാരിന്റെ എല്ലാ അഴിമതികളും വെള്ളപൂശാനാവില്ല. മാധ്യമങ്ങൾ കാര്യങ്ങൾ കണ്ണുതുറന്നുകാണണം.

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ തുടങ്ങി. യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ കരുത്തുള്ള വിജയം നേടും. ജനം ആഗ്രഹിക്കുന്നത് അഴിമതി രഹിത ഭരണം. ജനത്തിന് അഭിപ്രായം പറയാനാവുന്ന ഭരണമാണ് കേരളം ആഗ്രഹിക്കുന്നത്. അതിന് വേണ്ടി മുഴുവൻ പ്രവർത്തകരെയും രംഗത്തിറക്കും. 22ന് കർഷക കൂട്ടായ്മ നടത്തും. രാജ്ഭവന് മുന്നിൽ രാവിലെ 11 ന് നടത്തും. പങ്കെടുക്കാനാവുന്ന എല്ലാ എംപിമാരെയും എംഎൽഎമാരെയും വിളിച്ചു. 21 ന് വൈകീട്ട് എല്ലാ ജില്ലകളിലും യുഡിഎഫ് യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.