കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പിൽ നൽകിയ ആദ്യ വാഗ്ദാനം ഫലം വന്ന് മണിക്കൂറുകള്‍ക്കകം പ്രാവര്‍ത്തികമാക്കി വിജയി. കാസര്‍ക്കോട് ബലാല് പഞ്ചായത്തിലെ ദര്‍ക്കാസ് വാര്‍ഡില്‍നിന്നു ജയിച്ച അലക്സ് നെടിയക്കാലയില്‍ ആണ്, ഫലം വന്നതിനു പിന്നാലെ തെരഞ്ഞെടുപ്പു വാഗ്ദാനം നടപ്പാക്കിയത്.
പഞ്ചായത്തില്‍ മലവെട്ടുവന്മാരുടെ കോളനിയിലേക്ക് റോഡ് ഇല്ലെന്നത് വര്‍ഷങ്ങളായുള്ള പരാതിയായിരുന്നു. ഇവരുടെ കോളനിയിലേക്കുള്ള അറുന്നൂറു മീറ്റര്‍ റോഡില്‍ ഒരു ഭാഗം സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെയാണ് കടന്നുപോവുന്നത്. ഈ ഭാഗത്ത് ഇരുമ്പു പൈപ്പ് വച്ച് അടച്ച് വാഹന ഗതാഗതം തടഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അറുന്നൂറു മീറ്ററും നടന്നു തന്നെ പോവേണ്ട അവസ്ഥയിലായിരുന്നു കോളനിവാസികള്‍.
നിരന്തമായി ആവശ്യപ്പെട്ടിട്ടും റോഡ് തുറക്കുന്നതിനു നടപടിയില്ലാത്തതിനാല്‍ ഇത്തവണ തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലായിരുന്നു അവര്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായ അലക്സ് പ്രചാരണത്തിനു വന്നപ്പോഴും അവര്‍ നിലപാട് ആവര്‍ത്തിച്ചു. അന്ന് അവിടെവച്ച് അലക്സ് നല്കിയ വാഗ്ദാനമാണ് റോഡ് തുറക്കും എന്നത്.
എന്‍ജെ വര്‍ക്കി എന്ന കര്‍ഷകന്റേതാണ് റോഡ് കടന്നുപോവുന്ന പറമ്പ്. അലക്സ് അന്നു തന്നെ വര്‍ക്കിയെക്കണ്ടു സംസാരിച്ചു. അലക്സ് ജയിച്ചാല്‍ റോഡ് തുറക്കാമെന്ന വര്‍ക്കി വാക്കു നല്കി.
പഞ്ചായത്തിലെ വോട്ടെണ്ണി ഫലം വന്നതിനു തൊട്ടു പിന്നാലെ അലക്സ് കോളനിയിലെത്തി. വര്‍ക്കിയും ഒപ്പമുണ്ടായിരുന്നു. വര്‍ക്കി ഇരുമ്പു പൈപ്പ് ബന്ധിച്ചിരുന്ന ചങ്ങലയുടെ താക്കോല്‍ അലക്സിനു കൈമാറി. അലക്സ് ചങ്ങല മാറ്റി പൈപ്പ് നീക്കി റോഡ് തുറന്നു. ഇനി ഒരിക്കലും അടയ്ക്കില്ലെന്ന പ്രഖ്യാപനവുമുണ്ടായി.
ഫലം വന്ന് ആദ്യമണിക്കൂറില്‍ തന്നെ വാഗ്ദാനം പാലിക്കാനായതില്‍ സന്തോഷമുണ്ടെന്ന് അലക്സ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെ 185 വോട്ടിനാണ് അലക്സ് തോല്‍പ്പിച്ചത്. പഞ്ചായത്ത് ഭരണവും യുഡിഎഫിനാണ്.