പാലക്കാട്: പാലക്കാട്ടെ സമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കത്തിൻെറ ഭാഗമായാണ് ബിജെപി നഗരസഭ ഓഫീസിന് മുകളിൽ ’ജയ് ശ്രീറാം’ ബാനറുയർത്തിയതെന്ന് കോൺഗ്രസ് എംപി വികെ ശ്രീകണ്ഠൻ. ഇതിൽ കേസെടുക്കണം. വർഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് നഗരസഭാ ഓഫീസിൽ ബിജെപി പ്രവർത്തകർ ജയ്ശ്രീറാം ബാനർ ഉയർത്തിയത്. നടപടി വലിയ വിവാദങ്ങൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പടെ ബിജെപിക്കെതിരെ വിമർശനങ്ങൾ ഉയർന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് കേരളത്തിൻ്റെ ഗുജറാത്താണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പ്രസ്താവനയും വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു.
52 അംഗ പാലക്കാട് നഗരസഭയിൽ 28 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 27 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ വർഷം 24 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. യുഡിഎഫ് 12 സീറ്റും എൽഡിഎഫ് ഒമ്പത് സീറ്റും നേടി.