തിരുവനന്തപുരം: ജയിലിൽ വച്ച് പ്രതികളെ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപിയുടെ ഉത്തരവ്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇങ്ങനെ പകർത്തുന്ന വീഡിയോ 18 മാസം സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്.
പൊലീസിനും കേന്ദ്ര ഏജൻസികൾക്കും ഈ ഉത്തരവ് ബാധകമാണ്. വീഡിയോ പകർത്താൻ സൗകര്യമില്ലാതെ വരുന്ന എജൻസികളെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. ഇക്കാര്യം ജയിൽ സൂപ്രണ്ടുമാർ ഉറപ്പു വരുത്തണമെന്ന് ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.
അതിനിടെ, പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത് അനുസരിച്ചാണ് താൻ ഫോണിൽ സംസാരിച്ചതെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മൊഴി നൽകി. ഒപ്പമുണ്ടായിരുന്ന വനിത പൊലീസുകാരി പറഞ്ഞ കാര്യങ്ങളാണ് താൻ ഫോണിൽ പറഞ്ഞത്. ഫോണിലൂടെ സംസാരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനോടാണ് കാര്യങ്ങൾ പറഞ്ഞത്. തന്നെ നിർബന്ധിച്ചാണ് ഇക്കാര്യങ്ങൾ പറയിച്ചതെന്നും സ്വപ്ന ഇഡിക്കും ക്രൈംബ്രാഞ്ചിനും മൊഴി നൽകി.