തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ ഇടതുവിജയത്തിൻ്റെ പൊള്ളത്തരത്തിനെതിരേ ആഞ്ഞടിച്ച് സംവിധായകൻ അരുൺ ഗോപി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാനാവുമെന്നാണ് എൽഡിഎഫ് പ്രതീക്ഷയെങ്കിൽ നിയമസഭയിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴുമെന്നാണ് ഇടതുപക്ഷ അനുഭാവിയായ സംവിധായകൻ അരുൺ ഗോപി പറയുന്നത്. ഒരു സ്വകാര്യ മലയാളം വാർത്താചാനലിലായിരുന്നു അരുണിന്റെ പ്രതികരണം.
‘ഞാൻ ഇടതുപക്ഷ അനുഭാവിയാണ്. യഥാർഥത്തിൽ ഇപ്പോൾ നടക്കുന്ന ഭരണത്തോട് വിയോജിപ്പ് ഉണ്ട്. ഈ രീതിയിൽ പോയാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകുന്ന ഒരു സാഹചര്യം ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൽ വല്യ വീരവാദം പറഞ്ഞുകൊണ്ട് നടന്നാൽ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴും.’ അരുൺ ഗോപി പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾക്ക് കഴിവില്ലാത്തതുക്കൊണ്ടാണ് എൽഡിഎഫ് വിജയിച്ചതെന്നാണ് അരുൺ വിലയിരുത്തി. രാഷ്ട്രീയ അന്തരീക്ഷം പ്രതിപക്ഷ പാർട്ടികൾക്ക് അനുകൂലമായിരുന്നുവെങ്കിലും അത് വേണ്ടവിധം മുതലെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. അഴിമതി ആരോപണം യുഡിഎഫിന് എതിരായാണ് വന്നിരുന്നതെങ്കിൽ അത് എൽഡിഎഫ് മികച്ച രീതിയിൽ ഉപയോഗിക്കുമായിരുന്നു.ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റതാണെന്നും പ്രധാന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ മുന്നണി പാകപ്പെട്ടതായി തനിക്ക് തോന്നുന്നില്ലെന്നും സംവിധായകൻ പറഞ്ഞു.