സൗജന്യ കൊറോണ വാക്സിൻ പ്രഖ്യാപനം; മുഖ്യമന്ത്രിയോട് വിശദീകരണം തേടിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: കൊറോണ വാക്സിൻ എത്തിയാൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

മുഖ്യമന്ത്രിക്കെതിരായ പരാതി കിട്ടിയ ഉടൻ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ വിശദീകരണം കിട്ടാതെ ഇതിൽ നടപടിയെടുക്കാൻ കഴിയില്ല. അതിനാൽ വിശദീകരണം തേടി കത്ത് നൽകിയെന്നും മറുപടി കിട്ടിയ ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും വി ഭാസ്കരൻ അറിയിച്ചു.

മന്ത്രി എ സി മൊയ്ദീൻ നേരത്തേ വോട്ട് ചെയ്തെന്ന പരാതിയിൽ തൽക്കാലം നടപടിയുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. ഏഴു മണിക്കാണ് വോട്ട് ചെയ്തതെന്നാണ് കളക്ടറുടെ റിപ്പോർട്ട്. മറിച്ച് തീരുമാനമെടുക്കാനുള്ള മറ്റൊന്നും മുന്നിലില്ല. അതിനാൽ നടപടിയുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ടെടുപ്പിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.