സ്പീക്കർക്കെതിരായ ആരോപണങ്ങൾക്ക് അദ്ദേഹത്തിൻ്റെ മറുപടി വിടവാങ്ങൽ പ്രസംഗം പോലെ: ചെന്നിത്തല

തിരുവനന്തപുരം: വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരേ താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടി വിടവാങ്ങൽ പ്രസംഗം പോലെയായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങൾക്ക് സ്പീക്കർ പൂർണ്ണമായ മറുപടി നൽകിയിട്ടില്ല

കേരള നിയമസഭയുടെ മഹത്വത്തെക്കുറിച്ചാണ് സ്പീക്കർ പറഞ്ഞത്. ഇവരുടെ മഹത്വം എന്താണെന്ന് ജനങ്ങൾ വിലയിരുത്തുന്നുണ്ട്.
കേരളത്തിൽ നടക്കുന്ന എല്ലാവർക്കും ഊരാളുങ്കലിന് കൊടുക്കണം എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?

സ്വർണക്കടത്തിൽ സർക്കാരിന്റെ മുഖം വികൃതമായിരിക്കുകയാണ്. സർക്കാറിന്റെ കൊള്ളയ്ക്കെതിരേ ജനംപ്രതികരിക്കും. ഈ തിരഞ്ഞെടുപ്പോടെ ഇടതുമുന്നണിയുടെ തകർച്ച പൂർത്തിയാകും.

അടുത്ത കാലത്തായി നിയമസഭാ സ്പീക്കറെക്കുറിച്ച് മോശം വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.നിയമ സഭയിലെ ചിലവുകൾ സഭയിൽ ചർച്ച ചെയ്യാറില്ല. ഈ പഴുത് ഉപയോഗിച്ചു ധൂർത്തും അഴിമതിയുമാണ് നടത്തുന്നത്. നിയമസഭാ മന്ദിരത്തിന്റെ മൊത്തം നിർമാണ ചെലവ് 76 കോടി രൂപയാണ്. എന്നാൽ ഇക്കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ നൂറ് കോടി രൂപയുടെയെങ്കിലും നിർമാണപ്രവർത്തനങ്ങളും ആഘോഷങ്ങളും നടത്തിയിട്ടുണ്ട്.

2018 ല്‍ ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലെ ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് മാത്രമായി ചിലവാക്കിയത് 1.84 കോടി രൂപയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് ടെണ്ടറൊന്നും ഇല്ലാതെ കരാര്‍ നല്‍കുകയായിരുന്നു. ആകെ രണ്ടേ രണ്ട് ദിവസം മാത്രമാണ് ഈ ഹാളില്‍ സമ്മേളനം ചേര്‍ന്നത്.

2020 രണ്ടാം ലോക കേരള സഭ നടന്നപ്പോള്‍ 1.84 കോടി രൂപ മുടക്കി നവീകരിച്ച ഈ ഇരിപ്പിടങ്ങള്‍ പൊളിച്ചു മാറ്റി. മാത്രമല്ല ഹാള്‍ മൊത്തമായി 16.65 കോടി രൂപ എസ്റ്റിമേറ്റിട്ട് നവീകരിച്ചു. എന്നാല്‍ ഇതിന്റെ ബില്ലില്‍ ഇതിനകം 12 കോടി രൂപ ഊരാളുങ്കലിന് നല്‍കി കഴിഞ്ഞു. പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക നിയന്ത്രണത്തിന് പ്രത്യേക ഇളവ് നല്‍കിയാണ് ഈ തുക ഊരാളുങ്കലിന് നല്‍കിയത്.

നിയമസഭ കടലാസ് രഹിതമാക്കുന്നതിനുള്ള ഇ-നിയമസഭ എന്ന പദ്ധതിയിയുടെ പേരിലും വന്‍ ധൂര്‍ത്താണ് നടന്നത്. 52.31 കോടി രൂപയുടെ പടുകൂറ്റന്‍ പദ്ധതിയാണ് ഇത്. ഇതിനും ടെണ്ടര്‍ ഇല്ല. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് ഈ പണിയും നല്‍കിയത്.

ഈ പദ്ധതിയില്‍ ഊരാളുങ്കലിന് 13.59 കോടിരൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി നല്‍കി. 2019 ജൂൺ 13ന് ഉത്തരവിറങ്ങി. ഊരാളുങ്കല്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അഡ്വാൻസ് തുകയായി 13.53 കോടി രൂപ നല്‍കാന്‍ സ്പീക്കര്‍ പ്രത്യേക ഉത്തരവ് നല്‍കിയത്. മുപ്പത് ശതമാനത്തോളം വരും ഈ അഡ്വാന്‍സ്.

ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിക്ക് ഭക്ഷണചിലവ് മാത്രം 68 ലക്ഷം രൂപ എന്നാണ് വിവരാവകാശം വഴി ലഭിച്ച കണക്ക്. യാത്രാചിലവ് 42 ലക്ഷം രൂപ. മറ്റു ചിലവുകള്‍ 1.21 കോടി രൂപ. പരസ്യം 31 ലക്ഷം രൂപ. ഒരു നിയന്ത്രണവുമില്ലാതെ പൊതുപണം വെള്ളം പോലെ ഒഴുക്കിക്കളയുകയായിരുന്നു.

നിയമസഭയില്‍ 1,100 ലേറെ സ്ഥിരം ജീവനക്കാരുണ്ട് എന്നിട്ടും ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിക്കായി അഞ്ച് പേരെ കരാറടിസ്ഥാനത്തില്‍ പുറത്തു നിന്ന് നിയമിച്ചു. പരിപാടി അവസാനിപ്പിച്ചിട്ട് രണ്ടു വര്‍ഷമായി. എന്നിട്ടും ഇവര്‍ ജോലിയില്‍ തുടരുകയാണ്. ഓരോരുത്തര്‍ക്കും പ്രതിമാസ ശമ്പളം മുപ്പതിനായിരം രൂപ. ഈ സെപ്തംബര്‍ വരെ ശമ്പളമായി നല്‍കിയത് 21.61 ലക്ഷം രൂപ.

സഭാ ടിവിയുടെ കൺസൾട്ടന്റുമാരെ നിയമിക്കുന്നതിലും സ്വകാര്യ ഫ്‌ളാറ്റ്‌ വാടകയ്ക്ക് എടുക്കുന്നതിലും ധൂർത്ത് തുടരുകയാണ്. ഗസ്റ്റ് ഹൗസ് നിർമാണത്തിലെ അഴിമതി വേറെ. സ്പീക്കർ നടത്തിയ ക്രമക്കേട് അന്വേഷിക്കാൻ ഗവർണർക്ക് രേഖാമൂലം പരാതി നൽകുമെന്ന് ചെന്നിത്തല പറഞ്ഞു.