കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 76 ശതമാനം പോളിംഗ്. പോളിംഗ് ശതമാനം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് സൂചന. കോട്ടയം – 73.72, എറണാകുളം- 76.74,
തൃശൂർ – 74.58, പാലക്കാട്- 77.53, വയനാട് – 79.22 എന്നിങ്ങനെയാണ് പോളിംഗ് .
കോർപ്പറേഷനുകളിൽ കൊച്ചിയിൽ 61.45 ശതമാനവും തൃശൂരിൽ 63.39 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
പോളിങ് കൂടുന്നതിന്റെ ആവേശത്തിലാണു മുന്നണികൾ. 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുള്ള വോട്ടെടുപ്പാണു പൂർത്തിയായത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണത്തിന് എതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടെന്നും വടക്കൻ ജില്ലകളിൽ കോൺഗ്രസ് വട്ടപ്പൂജ്യമായിരിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
ചരിത്ര വിജയം നേടുമെന്നും യുഡിഎഫും ബിജെപിയും ഒലിച്ചു പോകുമെന്നും മന്ത്രി എ.കെ.ബാലൻ പ്രതികരിച്ചു. എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവകാശപ്പെട്ടു. വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു.
കെ.എം.മാണിയെ ചതിച്ചവർക്കുള്ള മറുപടി തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നു കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി എംപി പ്രതികരിച്ചു.