തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലായി പുറത്തുവന്ന ‘ഉന്നതന്’ ആരെന്ന വിവാദം രാഷ്ട്രീയതലത്തിലേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ ഉന്നതന്റെ പേര് മറച്ചുവെച്ച് സംസാരിച്ചിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ പോളിങ് ദിനത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ പേരെടുത്ത് പറഞ്ഞ് രംഗത്തെത്തി. കൂടാതെ മൂന്ന് മന്ത്രിമാർക്കും ഇടപാടുകളി ൽ പങ്കുണ്ടെന്ന ആക്ഷേപം ചിലർ ഉന്നയിച്ചതോടെ സ്വർണക്കടത്ത് വിവാദം പുതിയ തലങ്ങളിലേക്ക് കത്തിപ്പടരുകയാണ്.
സ്പീക്കറുടെ പേര് പുറത്തുവരുന്നതോടെ ഭരണഘടനാ സ്ഥാപനത്തെയും സ്വര്‍ണ കള്ളക്കടത്ത് പ്രതികള്‍ കൈയടക്കി വെച്ചിരുന്നതിന്റെ തെളിവാണെന്ന ഗുരുതര ആരോപണമാണ് കെ. സുരേന്ദ്രന് ഉന്നയിച്ചത്. എന്നാല്‍, സുരേന്ദ്രന്റെ ആരോപണങ്ങളെ പ്രതിരോധിച്ച് സ്പീക്കറെ സംരക്ഷിച്ച് മന്ത്രി എ.കെ. ബാലനും, സുരേന്ദ്രനെതിരെ ആരോപണമുന്നയിച്ച് സിപിഎം സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനും രംഗത്തെത്തി.
തിരക്കഥ സൃഷ്ടിച്ച് കേസന്വേഷണം ആ രീതിയിലേക്ക് മാറ്റുന്നെന്ന ആക്ഷേപമാണ് സിപിഎം ഉന്നയിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ മുദ്രവെച്ച കവറില്‍ കൊടുക്കുന്ന റിപ്പോര്‍ട്ടുകള്‍ എങ്ങനെ സുരേന്ദ്രന് ലഭിക്കുന്നെന്നും അവര്‍ ചോദിക്കുന്നു. കേന്ദ്ര സഹമന്ത്രി വി. മുരളീധരന് ഈ വിഷയത്തില്‍ പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. സ്വപ്നയും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി നേരത്തേ തന്നെ വിവാദമുയര്‍ന്നതാണ്. അന്ന് ആരോപണം അപ്പാടെ തള്ളുകയായിരുന്നു സ്പീക്കര്‍ ചെയ്തത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരുടെ സ്വകാര്യ സ്ഥാപനത്തി ന്റെ ഉദ്ഘാടനച്ചടങ്ങില്‍ ശ്രീരാമകൃഷ്ണന് പങ്കെടുത്തതാണ് അന്ന് വിവാദമായത്. എന്നാല്‍, ഇപ്പോള്‍ അതില്‍ നിന്ന് കടന്നുള്ള ആരോപണങ്ങളാണ് ബിജെപി ഉന്നയിക്കുന്നത്. അദ്ദേഹത്തിന്റെ വിദേശയാത്രകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ സംശയ നിഴലിലായി. അദ്ദേഹം സംസ്ഥാനത്തിന് പുറത്ത് ചിലയിടങ്ങളില്‍ പോയത് സംബന്ധിച്ച ആക്ഷേപങ്ങളും പുറത്തുവരുന്നു.
മുഖ്യമന്ത്രിയോ അദ്ദേഹത്തിന് പ്രിയപ്പെട്ട ആരോ ആണ് സ്വര്‍ണക്കടത്തിന് പിന്നിലുള്ളതെന്നും അതിനാലാണ് ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ സ്വപ്നയെ ജയിലില്‍ എത്തി ഭീഷണിപ്പെടുത്തുന്നതെന്ന ആക്ഷേപം പ്രതിപക്ഷവും ഉന്നയിക്കുന്നു. ഒരാള്‍ മാത്രമല്ല, ഭരണതലത്തിലെ പല ഉന്നതര്‍ക്കും പങ്കുണ്ടെന്ന തരത്തിലുള്ള ആക്ഷേപങ്ങളും പുറത്തുവരുന്നുണ്ട്.